nctv news pudukkad

nctv news logo
nctv news logo

പാലപ്പിള്ളിയിലെ വന്യജീവി ശല്യം: നടപടികള്‍ക്കായി വനംവകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്‍

kerala b=vanitha commission- nctv news- palapilly estate- nctv live

പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയിലെ വന്യജീവി ശല്യം തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാകുന്ന സാഹചര്യത്തില്‍ വനവകുപ്പുമായി സഹകരിച്ച് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍. പാലപ്പിള്ളി എസ്‌റ്റേറ്റ് മേഖലയില്‍ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാനം ചെയ്യുകയായിരുന്നു അഡ്വ. ഇന്ദിര രവീന്ദ്രന്‍. ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്ത്രീധന നിരോധന നിയമത്തില്‍ ഒരു ഭേദഗതി വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കും ഡൗറി പ്രിവന്‍ഷന്‍ ഓഫീസര്‍മാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ ഭേദഗതി നിര്‍ദേശമെന്നും വനിതാ കമ്മിഷനംഗം ചൂണ്ടിക്കാട്ടി. വനിതാ കമ്മീഷന്‍ അദാലത്തുകള്‍ക്ക് പുറമേ പഞ്ചായത്തുകളില്‍ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പല പരാതികള്‍ക്കും ജാഗ്രത സമിതികളില്‍ തന്നെ പരിഹാരം കാണാന്‍ പറ്റുന്നുണ്ടെന്നും ഇന്ദിരാ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ടാപ്പിംഗ് മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും പബ്ലിക് ഹിയറിങില്‍ സ്ത്രീ തൊഴിലാളികള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ ഉറപ്പാക്കും. പാലപ്പള്ളി എസ്‌റ്റേറ്റിന് കീഴില്‍ സ്ത്രീ തൊഴിലാളികള്‍ നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ആറുമാസത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കേണ്ടതുണ്ട്. അസുഖങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത കുറവ് പരിഹരിക്കണം, കുടിവെള്ള സൗകര്യം ലഭ്യമാക്കണം, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതനുള്ള സൗകര്യമൊരുക്കണം, ജോലിയില്‍നിന്നും വിരമിക്കുമ്പോള്‍ കാലതാമസം കൂടാതെ പെന്‍ഷന്‍ ആനുകൂല്യം കൃത്യമായ രീതിയില്‍ എത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ട് വയ്ക്കുമെന്ന് ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. കന്നാറ്റുപാടം പാലപ്പിള്ളി ഗവ. ഹൈസ്‌കൂളില്‍ നടന്ന പബ്ലിക് ഹിയറിങില്‍ കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. വനിത കമ്മീഷന്‍ ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ കെ.എസ്. രാജേഷ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒയും വനിതാ സെല്‍ ഇന്‍ചാര്‍ജുമായ ഇ.യു. സൗമ്യ, സോഷ്യല്‍ ജസ്റ്റിസ് കൗണ്‍സിലര്‍ മാല അരവിന്ദന്‍, പഞ്ചായത്ത് അംഗം ഷീല ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *