തലോര്‍ സെന്ററിലെ റോഡിലെ കുഴികള്‍ അപകടക്കെണിയാകുന്നു. രണ്ടുമാസത്തിലേറെയായി ഈ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ടിട്ട്. ഇതോടെ അപകടങ്ങളും പതിവാകുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. മഴസമയത്തും രാത്രിയിലുമാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡ് തിരിച്ചറിയാന്‍ കഴിയാതെയാണ് അപകടങ്ങളുണ്ടാകുന്നത്. വലിയ വാഹനങ്ങളും കുഴിയില്‍ പെട്ട് നിയന്ത്രണം തെറ്റാറുണ്ട്. വീതി കുറഞ്ഞ റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്കിനും കാരണമായി. ക്വാറി വേസ്റ്റ് ഇട്ട് നാട്ടുകാര്‍ താല്‍ക്കാലികമായി കുഴികള്‍ അടച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാരുടെ ദുരിതം പരിഹരിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. കൂടാതെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്തും വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിതെറിക്കുന്നതും പതിവാണ്. യാത്രക്കാരുടെ ദുരവസ്ഥയ്ക്ക് പൊതുമരാമത്ത് അധികൃതര്‍ പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
തലോര്‍ സെന്ററിലെ റോഡിലെ കുഴികള്‍ അപകടക്കെണിയാകുന്നു
