ആളൂര്‍ പഞ്ചായത്തിലെ പാലക്കുഴി പരിസരത്ത് താമസിക്കുന്നവരുടെ ദുരിതം അവസാനിക്കുന്നില്ല. സമീപത്തുകൂടി കടന്നുപോകുന്ന ഇറിഗേഷന്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഈ പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുര്‍ഗന്ധപൂരിതവും രോഗഭീതിയിലുമാക്കുന്നത്. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയിലെ വലതുകര മെയിന്‍കനാലാണ് ആളൂരിലെ കടന്നുപോകുന്നത്. ആളൂര്‍ മാള റോഡിലുള്ള റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള പാലക്കുഴി പ്രദേശത്തെത്തുമ്പോള്‍ കനാല്‍ റെയില്‍പ്പാതക്ക് അടിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനായി ഇവിടെ അണ്ടര്‍ ടണല്‍ നിര്‍മിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ തുമ്പൂര്‍മുഴി തടയണയില്‍ നിന്ന് ആരംഭിക്കുന്ന കനാല്‍ പരിയാരം, കോടശേരി, ചാലക്കുടി നഗരസഭ എന്നിവക്കു കീഴിലെ ജനവാസ പ്രദേശങ്ങളിലൂടെ കടന്നാണ് ആളൂരിലെത്തുന്നത്. കനാല്‍ വെള്ളത്തോടൊപ്പം വന്‍തോതിലുള്ള മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ജഢങ്ങളടക്കമുള്ള ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും കനാലിലൂടെ ഒഴുകിയെത്തി അടിഞ്ഞു കൂടുന്നത് പാലക്കുഴി ഭാഗത്തുള്ള അണ്ടര്‍ ടണലിനു സമീപത്താണ്. അണ്ടര്‍ ടണലിന്റെ മുഖത്ത് സ്ഥാപിച്ചിട്ടുള്ള ഇരുമ്പുവലയിലാണ് മാലിന്യങ്ങള്‍ തങ്ങുന്നത്. ഇങ്ങനെ കനാലില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ ഇരുവശത്തുമായി താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മാലിന്യം ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും ഇവിടത്തെ വീടുകളിലുള്ളവര്‍ക്ക് പ്രയാസം നേരിടാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കനാലില്‍ വന്നടിയുന്ന മാലിന്യത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ അധികൃതരെത്തി ഇത് നീക്കം ചെയ്യാറുണ്ടെങ്കിലും വീണ്ടും കനാല്‍വെള്ളം വരുമ്പോള്‍ പതിന്മടങ്ങ് മാലിന്യം ഇവിടെ അടിഞ്ഞു കൂടും. വര്‍ഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
ആളൂര്‍ പാലക്കുഴിയില്‍ ഇറിഗേഷന്‍ കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ പ്രദേശത്തെ രോഗഭീതിയിലാക്കുന്നു
