നാലേക്കറോളം വിസ്തൃതിയുള്ള ചിറ മാലിന്യവും ചണ്ടിയും പുല്ലും നിറഞ്ഞ് നശിക്കുകയാണ്. ആളൂര്‍ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയുടെ ഒരു ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്. ഉറുമ്പന്‍കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലക്ക് പമ്പുചെയ്യപ്പെടുന്ന വെള്ളം കൊമ്പൊടിഞ്ഞാമാക്കല്‍, ആനത്തടം, എടത്താടന്‍ കവല, ഉറുമ്പന്‍കുന്ന്, ആളൂര്‍ ജങ്്ഷന്‍ തുടങ്ങിയ മേഖലയിലാണ് വിതരണം ചെയ്യപ്പെടുന്നത്. ചാലക്കുടി നഗരസഭയുടെ ചില പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് കുടിവെള്ളം എത്തുന്നുണ്ട്. ആനത്തടം പ്രദേശത്തേക്ക് ജലസേചനത്തിന് വെള്ളം എത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും ചിറയുടെ മറ്റൊരുവശത്ത് സ്ഥാപിച്ചിട്ടുണ്ട്. സമീപത്തു കൂടി കടന്നു പോകുന്ന ചാലക്കുടി ഇറിഗേഷന്‍ വലതുകനാലില്‍ നിന്ന് ചിറയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. വര്‍ഷങ്ങളോളം ചണ്ടിയും പുല്ലും നിറഞ്ഞ് നാശത്തിന്റെ വക്കില്‍ കിടന്നിരുന്ന കദളിചിറയില്‍ ഏതാനും വര്‍ഷം മുമ്പ് ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ 15 ലക്ഷം രൂപ ചെലവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ ചിറ വീണ്ടും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ശോച്യാവസ്ഥയിലായിരിക്കയാണ്. ചിറക്കു ചുറ്റുമുള്ള സ്ഥലത്തിന്റെ കുറേ ഭാഗം അന്യാധീനപ്പെട്ടത് പിന്നീട് പഞ്ചായത്ത് ഇടപെട്ട് ഒഴിപ്പിച്ചെടുക്കുകയും കരിങ്കല്‍കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചിറയുടെ കരയില്‍ സ്ഥാപിച്ച സിമന്റു ബഞ്ചുകള്‍ ഇടിഞ്ഞും കാടുമൂടിയും കിടക്കുകയാണ്. പൂര്‍വികര്‍ സമ്മാനിച്ച കദളിചിറയിലെ ജലസമ്പത്ത് കാത്തുസൂക്ഷിക്കാനും ചിറയും പരിസരവും സൗന്ദര്യവല്‍ക്കരിക്കാനും നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
കടുത്ത വേനലില്‍ പോലും തെളിനീരിന്റെ നിറ സമൃദ്ധിയുണ്ടായിരുന്ന ആളൂര്‍ കദളിചിറ നവീകരണമില്ലാതെ നാശത്തിന്റെ വക്കില്‍
