എണ്‍പതുവര്‍ഷത്തിലേറെ പഴക്കമുള്ള പാലം ദുര്‍ബലാവസ്ഥയിലായിട്ട് നാളേറെയായെങ്കിലും പുനര്‍നിര്‍മാണത്തിനുള്ള നടപടി വൈകുകയാണ്. ദേശീയപാതയിലെ പേരാമ്പ്രയേയും കനകമലയേയും ബന്ധിപ്പിക്കുന്ന റോഡിലാണ് ചിറക്കഴ പാലമുള്ളത്. കനകമലയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ ദേശീപാതയിലെ പേരാമ്പ്രയിലേക്ക് എത്തുന്നത് ഈ പാലത്തിലൂടെയാണ്. ഇരിങ്ങാലക്കുട രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കനകമലയിലേക്ക് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുന്നതും ഇതുവഴിയാണ്. കനകമല പ്രദേശത്തെ മഠത്തിപ്പാടം, ചിറപ്പാടം എന്നിവയെ വേര്‍തിരിക്കുന്ന ബണ്ടാണ് ഇവിടെ പിന്നീട് റോഡായി മാറിയത്. റോഡ് നിര്‍മ്മാണത്തിന്‍രെ ഭാഗമായി 1940കളിലാണ് ചിറക്കഴയില്‍ പാലം നിര്‍മ്മിച്ചത്. കൈവരി തകര്‍ന്നിട്ട് വര്‍ഷങ്ങളായ പാലത്തിന്റെ പ്രധാന കോണ്‍ക്രീറ്റ് സ്ലാബും ഇപ്പോള്‍ ദുര്‍ബലമായിട്ടുണ്ട്. സ്ലാബിന്റെ അടിഭാഗത്ത് നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ പുറത്തായിനില്‍ക്കുകയാണ്. സ്ലാബുകളെ താങ്ങിനിര്‍ത്തുന്ന കരിങ്കല്‍കെട്ടും ദുര്‍ബലമായ നിലയിലാണ്. പാലത്തിനോടുചേര്‍ന്നു നിര്‍മ്മിച്ച ചീര്‍പ്പില്‍ മരപ്പലകകള്‍ ഇട്ട് വെള്ളം തടഞ്ഞു നിര്‍ത്തിയാണ് ആദ്യകാലത്ത് കൃഷിക്ക് ഉപയോഗിച്ചിരുന്നത്. നെല്‍കൃഷി കുറഞ്ഞതോടെ ഇവിടത്തെ ചീര്‍പ്പ് ഉപയോഗിക്കാതായി. പാലത്തില്‍ കൈവരികള്‍ ഇല്ലാത്തത് സൈക്കിളില്‍ പോകുന്ന വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് അപകട ഭീഷണിയാണ്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചിറക്കഴ പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കൊടകര പഞ്ചായത്തിലെ ചിറക്കഴ പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല
