മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് ആരംഭിച്ചിരിക്കുന്നിടത്ത് വലിയ ഉയരത്തിലായതാണ് പരാതിക്കിടയാക്കിയത്. 2023 മാര്‍ച്ച് 24ന് പൂര്‍ത്തീകരിച്ച റോഡാണിത്. തൃക്കൂര്‍ പഞ്ചായത്തിന്റെ തദ്ദേശ സ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല. അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരിക്കുന്ന യാത്രക്കാര്‍ റോഡിലേക്ക് വീഴുന്നത് സ്ഥിരം സംഭവമായതായും നാട്ടുകാര്‍ പറയുന്നു. വലിയ വാഹനങ്ങള്‍ ബ്രേക്ക് ഇടുമ്പോള്‍ വാഹനങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ വീഴുന്നതും പതിവാണ്. കയറ്റം കയറുന്ന വാഹനങ്ങള്‍ ഇവിടം കടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഡ്രൈവര്‍മാര്‍ തൊട്ടരികെ എത്തുമ്പോഴാണ് ഹംപ് പോലുള്ള ഭാഗം പലപ്പോഴും കാണുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രദേശവാസിയായ ആള്‍ റോഡില്‍ വെള്ളപെയിന്റ് അടിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. പാലപ്പിള്ളി മേഖലയിലേക്കുള്ള എളുപ്പവഴിയായതിനാല്‍ പ്രദേശവാസികള്‍ അല്ലാത്തവരും ഇതുവഴി കടന്നുപോകാറുണ്ട്. റോഡ് ഉയര്‍ന്നു കിടക്കുന്നത് അറിയാതെ വരുന്ന യാത്രക്കാര്‍ക്ക് അപകടക്കെണിയാവുകയാണ് കള്ളായി റോഡ്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി കൈകൊണ്ടില്ലെന്നും നാട്ടുകാര്‍ വിമര്‍ശിക്കുന്നു. റോഡിന്റെ അപകടാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്നും യാത്രക്കാര്‍ പറയുന്നു.
തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായി റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഹംപ് പോലെ രൂപപ്പെട്ടത് അശാസ്ത്രീയമായെന്ന് പരാതി ഉയരുന്നു
