യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഓര്‍മ്മിപ്പിച്ച്, ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നാണ് വിശ്വാസം. ക്രൂശുമരണം വഹിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്. പീഢനങ്ങളേറ്റു ക്രൂശില്‍ ജീവന്‍ വെടിഞ്ഞ യേശുക്രിസ്തുവിന്റെ ശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. ഇതിനുശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു, ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തു. ഈ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.