കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ വിധത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരും പൊലിസും കരുതല്‍ നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. പള്ളിയില്‍ ആരാധന നടക്കുന്ന സമയത്ത് യുവാക്കളുടെ സംഘം പള്ളിമുറ്റത്ത് കടന്നുകയറി അതിക്രമം നടത്തിയത് ഗൗരവപൂര്‍വം കാണണം. അതിനേക്കാള്‍ ഗുരുതരമായ തെറ്റാണ് വൈദികനെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സഹിഷ്ണുതാ മനോഭാവവും തകര്‍ക്കാനുള്ള ഗൂഢശ്രമം ഇതിന്റെ പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം. കേസ് ലഘൂകരിച്ചു കാണാനും ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമത്തില്‍ ആശങ്കയുണ്ട്. പൊതുസമൂഹത്തില്‍ സ്‌നേഹവും സഹകരണവും വളര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നിരുല്‍സാഹപ്പെടുത്തണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ ഒരു സംഘം യുവാക്കള്‍ ആരാധന തടസ്സപ്പെടുത്തി വാഹനങ്ങളുടെ മല്‍സരയോട്ടം നടത്തിയതിലും അതു വിലക്കിയ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിച്ചു അപായപ്പെടുത്താന്‍ ശ്രമിച്ചതിലും ഇരിങ്ങാലക്കുട രൂപത വൈദിക, സന്യസ്ത, അല്‍മായ യോഗം പ്രതിഷേധിച്ചു
