nctv news pudukkad

nctv news logo
nctv news logo

പീച്ചി ഇടതു-വലതുകര കനാലുകള്‍ ഇന്നു തുറക്കും

വേനല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നതിനാല്‍ കുടിവെള്ളത്തിനുള്ള അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് പീച്ചി ഇടതു-വലതുകര കനാലുകള്‍ തുറക്കാന്‍ തീരുമാനം. റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഗവ. മെഡിക്കല്‍ കോളേജിലെയും കുടിവെള്ള വിതരണത്തിനാവശ്യമായ ജലത്തിന്റെ കരുതല്‍ ശേഖരം നിലനിര്‍ത്തിക്കൊണ്ട് പീച്ചി ഡാമില്‍ നിന്നും കുടിവെള്ള ആവശ്യത്തിനായി ഇന്ന് മുതല്‍ (ഫെബ്രുവരി 28) ഇടതുകര കനാലിലൂടെയും വലതുകര കനാലിലൂടെയും വെള്ളം തുറന്നുവിടുന്നതിന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. ഡാമില്‍നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്ന ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അലേര്‍ട്ടുകള്‍ നല്‍കുന്നുണ്ടെന്ന് ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഉറപ്പുവരുത്തണം. പീച്ചി ഡാമില്‍ നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്നതുമൂലം അധികജലം ഒഴുകിവന്ന് ഇറിഗേഷന്‍ കനാലിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും കനാലില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പാടശേഖരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെങ്കില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.

Leave a Comment

Your email address will not be published. Required fields are marked *