nctv news pudukkad

മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ അന്തരിച്ചു

kp viwanathan

കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. രണ്ടുതവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറ് തവണ എംഎൽഎയായി സഭയിലെത്തിയിട്ടുണ്ട്. രാവിലെ 9.35 ഓടെയായിരുന്നു അന്ത്യം. ഡയാലിസിസിനിടെ രക്ത സമ്മര്‍ദ്ദം താഴ്ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഇതനുസരിച്ച് ഇന്നും ഡയാലിസിസിന് എത്തിയപ്പോഴായിരുന്നു അന്ത്യം സംഭവിച്ചത്.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് 1940 ഏപ്രില്‍ 22നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍നിന്ന് ബിരുദം നേടി. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 70 വരെ യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായി. കുന്നംകുളത്തുനിന്ന് 1977ലും 1980ലും വിജയിച്ച് എം.എല്‍.എ ആയി . 1987 മുതല്‍ 2001 വരെ കൊടകര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി വനംമന്ത്രിയായി. പിന്നീട് 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വനംവകുപ്പ് മന്ത്രിയായി. 2006ലെയും, 2011ലെയും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്രനാഥിനോട്‌ പരാജയപ്പെട്ടു.വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ് നേടിയിട്ടുണ്ട്.മികച്ച പാർലമെന്റേറിയന് മാതൃക സാമാജിക് അവാർഡും ലഭിച്ചിട്ടുണ്ട്. കെപിസിസി എക്സിക്യൂട്ടീവ് അംഗം,
തൃശൂർ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം,തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *