തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. (വിഒ) തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് ചെമ്പൂകാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
പ്രസവിച്ചു കഴിഞ്ഞാല്‍ ജോലി ഇല്ലാത്ത സ്ഥിതി ചില മേഖലയിലുണ്ട്. ചിലയിടങ്ങളില്‍ പ്രസവാനുകൂല്യങ്ങള്‍ ലഭ്യമല്ല. ചില സ്ഥലത്ത് നിയമപരമായ കൂലി നല്‍കുന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം വനിതാ കമ്മിഷന്‍ 11 തൊഴില്‍ മേഖലകളെ കണ്ടെത്തി സ്ത്രീകള്‍ക്കായി പബ്ലിക് ഹിയറിംഗ് നടത്തി വരുകയാണ്. അസംഘടിത മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സാമൂഹിക പരിരരക്ഷ, ക്ഷേമപദ്ധതികള്‍ എന്നിവ സംബന്ധിച്ച് വനിതകള്‍ക്ക് അറിവു പകരുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ടെന്നും സതീദേവി അഭിപ്രായപ്പെട്ടു. പരിപാടിയില്‍ വനിതാ കമ്മിഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി. മീര, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് അംഗം രജിത വിജിഷ്, അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ ഓഫീസര്‍ റ്റി.ജെ. മജീഷ്, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.