nctv news pudukkad

nctv news logo
nctv news logo

ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയായ പാലിയേറ്റീവ് രോഗിശ്യാംകുമാറിന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച അളഗപ്പനഗര്‍ പിഎച്ച്‌സിയിലെ ഡോക്ടര്‍ ഉമേഷിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ രംഗത്ത്

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലെ പാണ്ടാരി മോഹനന്‍ ഭാര്യ ഷീലയുടെയും മകനായ ശ്യാംകുമാര്‍ ജന്മനാല്‍ വൈകല്യമുള്ള കിടപ്പുരോഗിയാണ്. 38 വയസുള്ള ശ്യാംകുമാറിന് സ്വന്തം പ്രാഥമിക ആവശ്യക്കാര്‍ക്ക് പോലും അമ്മയായ ഷീലയുടെ സഹായം വേണം. ശ്യാമിന് കരുവാപ്പടി അക്ഷയ സെന്ററില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ മസ്റ്ററിങ് ചെയ്തപ്പോള്‍ വിരലും, കണ്ണും കിട്ടാതെ വന്നപ്പോള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമായിരുന്നു. ഇതിന് ആവശ്യമായ രേഖകള്‍ സഹിതം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉമേഷിനെ വാര്‍ഡ് അംഗം വി.കെ. വിനീഷ് നേരിട്ട് കണ്ട് ശ്യാമിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഡോക്ടര്‍ ഈ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കിടപ്പു രോഗിയായ ശ്യാമിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത് അസാധ്യമാണെന്നും ഡോക്ടര്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ടോ ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ ഡിസംബര്‍ 12 ന് ഉച്ചയ്ക്കുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് തന്നാല്‍ മതി എന്ന് വാര്‍ഡ് അംഗം വി.കെ. വിനീഷ് പറഞ്ഞു. ഇതിനും ഡോക്ടര്‍ തയ്യാറായില്ല ഡിസംബര്‍ 15ന് മാത്രമേ തരാന്‍ സാധിക്കുകയുള്ളൂ എന്ന നിഷേധാത്മക സമീപനമാണ് ഡോക്ടര്‍ സ്വീകരിച്ചതെന്ന് വാര്‍ഡ് അംഗം കുറ്റപ്പെടുത്തി. ഡിസംബര്‍ 15ന് മുന്‍പ് പഞ്ചായത്തില്‍ നിന്ന് സൈറ്റ് ക്ലോസ് ആകും മുന്‍പ് അയച്ചാല്‍ മാത്രമാണ് ശ്യാമിന് ക്രിസ്തുമസ്സിന് ലഭിക്കേണ്ട പെന്‍ഷന്‍ ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞിട്ടു കൂടി ഡോക്ടര്‍ ഈ സമീപനമെടുത്തത് മനുഷ്യത്വരഹിതവും ധിക്കാരവുമാണെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടിയന്തിരമായി ഇടപെട്ട് നടപടിയെടുക്കണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. വിനീഷ്, പി.എസ്. പ്രീജു, സജ്‌ന ഷിബു, അശ്വതി പ്രവീണ്‍, പൊതുപ്രവര്‍ത്തകരായ പി.കെ. ആന്റണി, പി.യു. ഹരികൃഷ്ണന്‍, കെ.എസ്. മിഥുന്‍, ശ്യാംകുമാറിന്റെ പിതാവ് മോഹനന്‍ എന്നിവര്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *