nctv news pudukkad

nctv news logo
nctv news logo

നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി

കേരളത്തെ തകരാൻ വിടില്ലെന്ന പൊതുവികാരമാണ് നാടെങ്ങും ശക്തമായി ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസ്സ് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞു കവിഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ടു പോവണം. അനർഹമായ ഒന്നും ആരും ചോദിക്കുന്നില്ല. കേന്ദ്രസർക്കാർ നമ്മെ ബോധപൂർവ്വം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് നാടിനാകെ ബോധ്യമുണ്ടെങ്കിലും എല്ലാവരും യോജിച്ച് ഉയർത്തേണ്ട ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നു. ഒരു ഭേദചിന്തയും ഇല്ലാതെയാണ് നാട് നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. നാട് നന്നാവണം, നാടിനെ പിറകോട്ടടിപ്പിക്കരുത് എന്ന ഒരേ ചിന്തയാണ് ഉയരുന്നത്. 2016 മുതലുള്ള അനുഭവം എടുത്താൽ ഒരു ഘട്ടത്തിലും യുഡിഎഫോ കോൺഗ്രസോ നാടിന്റെ പ്രശ്നങ്ങൾക്ക് വേണ്ടി അണിനിരന്നിട്ടില്ല. ദുരന്ത ഘട്ടത്തിൽ പോലും ഇവരെ നാടിനോടൊപ്പം അല്ല കണ്ടത്. കേരളം വിഷമ സ്ഥിതി നേരിടുമ്പോൾ കേരളത്തെ കൂടുതൽ കൂടുതൽ വിഷമിപ്പിക്കുന്നവരോടൊപ്പമാണ് ഇവരെ കണ്ടത്. ഒരു ഘട്ടത്തിലും കേരളത്തിലെ എംപിമാർ കേന്ദ്രസർക്കാറിന്റെ നടപടികൾ ചോദ്യം ചെയ്യാൻ തയ്യാറായില്ല. ബഹുജനങ്ങൾ നവകേരള സദസ്സിൽ എത്തിയതിന്റെ ആദ്യ പ്രതികരണം കേന്ദ്ര ധന മന്ത്രിയിൽ നിന്നായിരുന്നു. അവർക്ക് കേരളത്തിൽ വന്ന് പ്രതികരിക്കേണ്ടി വന്നു. ഇതുവരെ ശബ്ദിക്കാതിരുന്ന കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പക്ഷേ ഇത് ജനങ്ങളുടെ വികാരം കണ്ട ശേഷമുള്ള പ്രതികരണം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽനിന്ന് വ്യത്യസ്തമായ നയം സ്വീകരിച്ചു എന്ന ഏക കാരണത്താൽ, ഇന്ത്യയിൽ ഒരു തുരുത്തായി നിൽക്കുന്നു എന്ന ഏക കാരണത്താൽ, കേരളത്തെ പകയോടെ സമീപിക്കുകയാണ്. ഇത് സമ്മതിച്ചു കൊടുക്കാൻ ആവില്ല എന്നാണ് ജനം ഒറ്റക്കെട്ടായി പറയുന്നത്. നമ്മുടെ നാട് തകർന്നു കൂടെന്ന, കാലാനുസൃതമായി പുരോഗമിക്കണമെന്ന് ഒറ്റ വികാരമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ കൃഷ്ണൻകുട്ടി, പി രാജീവ്‌ എന്നിവർ പ്രസംഗിച്ചു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. എം. സി റെജിൽ സ്വാഗതവും നെന്മനിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ബൈജു നന്ദിയും പറഞ്ഞു. ചീഫ് സെക്രട്ടറി വി. വേണു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ, കൊടകര ബ്ലോക്ക് പ്രസിഡൻ്റ് എം ആർ രഞ്ജിത്ത്, ചേർപ്പ് ബ്ലോക്ക് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ, വിവിധ ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റുമാരായ ഇ കെ അനൂപ്, എൻ മനോജ്, അജിത സുധാകരൻ, അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗങ്ങാളായ വി എസ് പ്രിൻസ്, സരിത രാജേഷ്,വി ജി വനജകുമാരി തുടങ്ങിയവർ പങ്കെടുത്തു. നവകേരള സദസ്സിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കി 25 കൗണ്ടറുകളിലൂടെ നിവേദനങ്ങൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *