നാടിന്റെ വികസനത്തിനും വളര്‍ച്ചക്കുമൊപ്പം നിലകൊണ്ട എന്‍സിടിവിയുടെ വാര്‍ത്തകാലത്തിന് 19 വയസ്. പുതുക്കാട്, കൊടകര മേഖലകളിലെ പ്രാദേശിക മാധ്യമമായ എന്‍സിടിവിയില്‍ വാര്‍ത്താസംപ്രേഷണം ആരംഭിച്ചത് 2004 നവംബര്‍ ഒന്നിനായിരുന്നു. സാധാരണക്കാരുടെ ചുറ്റിലുമുള്ള സങ്കടങ്ങളും സന്തോഷങ്ങളും ആവശ്യങ്ങളും പൊതുമധ്യത്തിലേയ്ക്കും അധികാരികളിലേയ്ക്കും എത്തിക്കാന്‍ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന എന്‍സിടിവി ചാനല്‍ 20-ാം വയസിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. സംപ്രേഷണ പ്രദേശത്തെ ഗ്രാമങ്ങളുടെ വികസനമായിരുന്നു എന്‍സിടിവിയുടെ മുഖ്യ അജണ്ട. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെയും മുഖ്യധാര മാധ്യമ ശ്രദ്ധയിലേക്കും കൊണ്ടുവരാനും എന്‍സിടിവിയുടെ ഇടപെടലുകള്‍ക്കായി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ജില്ല ഭരണകൂടം, വൈദ്യുത സെക്ഷന്‍ ഓഫിസുകള്‍ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് നാട്ടുകാരുടെ ആശ്രയമാണ് എന്‍സിടിവി. പുതിയ കാലഘട്ടത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും എന്‍സിടിവിയുടെ തേരോട്ടം തുടരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന ചില വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കാനും എന്‍സിടിവിയുടെ ആധികാരിക പോസ്റ്റുകള്‍ക്കും യുട്യൂബ് വീഡിയോകള്‍ക്കും ആകുന്നുണ്ട്. ഉത്തരവാദിത്വത്തോടുകൂടിയുള്ള വാര്‍ത്താ സംപ്രേഷണമാണ് എന്‍സിടിവി ഉറപ്പുനല്‍കുന്നത്. 19 വര്‍ഷം സുസ്ഥിരമായി, ആധികാരികമായ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും സാധാരണക്കാരന് ആശ്രയിക്കാന്‍ കഴിയുന്ന, തികച്ചും പ്രാദേശികമായ വാര്‍ത്ത സംസ്‌കാരം രൂപപ്പെടുത്താനും എന്‍സിടിവി വാര്‍ത്താ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. എന്‍സിടിവി ന്യൂസ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിലും, എന്‍സിടിവി ന്യൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലും വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയിക്കാനുള്ള ശ്രമങ്ങളും എന്‍സിടിവി തുടരുന്നുണ്ട്. പുതുക്കാട് നിയോജകമണ്ഡലം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ സംഭവങ്ങളെല്ലാം സമഗ്രമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ രാത്രി 8നും പത്തിനും രാവിലെ 6.30നും, 8നും ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യുന്നു. രാത്രി 11ന് എന്‍സിടിവി ന്യൂസ് എന്ന യുട്യൂബ് ചാനലില്‍ അന്നന്നത്തെ വാര്‍ത്ത ബുള്ളറ്റിനുകള്‍ പ്രീമിയര്‍ സംപ്രേഷണവും നടത്തുന്നുണ്ട്. മാറുന്ന ലോകത്ത് പുതിയ മാറ്റങ്ങളുമായി കൂടുതല്‍ വിശ്വസ്തതയാടെ എന്‍സിടിവി പ്രയാണം തുടരുന്നു. 19 വര്‍ഷവും ഞങ്ങളെ ചേര്‍ത്തു പിടിച്ച പ്രേക്ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!