കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സെക്രട്ടറിയായിരുന്ന എന്‍.വി വൈശാഖന് നിര്‍ബന്ധിത അവധി നല്‍കി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശരത് പ്രസാദിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. എന്‍.വി. വൈശാഖന്‍ ചികില്‍സക്കായി അവധിയിലാണെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ക്യാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കാല്‍നടജാഥയുടെ തലേ ദിവസമാണ് ജാഥയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന വൈശാഖനെ താത്കാലികമായി നീക്കിയത്. ഇതോടെ ഈ ജാഥയുടെ ക്യാപ്റ്റന്‍ ചുമതല ശരത് പ്രസാദിനായിരുന്നു. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് കൊടകര ഏരിയാ കമ്മിറ്റിയംഗമായിരുന്ന വൈശാഖനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തിയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ് ശരത് പ്രസാദ്.