കാലവര്‍ഷം സജീവമാകാന്‍ താമസിച്ചതിനെ തുടര്‍ന്ന് പതിവിലും ഒരു മാസത്തോളം വൈകി വിരിപ്പുകൃഷിയിറക്കിയ ഇവിടെ നെല്‍ച്ചെടികള്‍ ഉണക്കു ഭീഷണിയിലായിരുന്നു. ചിങ്ങമാസം പിറക്കുന്നതിനു മുമ്പേ മഴ ദുര്‍ബലമായതിനെ തുടര്‍ന്ന് ചാറ്റിലാംപാടത്തെ തോട് വറ്റിവരണ്ടതാണ് മഴയെ മാത്രം ആശ്രയിച്ച് വിരിപ്പ് കൃഷി ചെയ്യുന്ന ഇവിടത്തെ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്. സമീപ പ്രദേശങ്ങളിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളില്‍ നിന്ന് പാടശേഖരത്തിന്റെ ചില ഭാഗങ്ങളിലേക്ക് വെള്ളമെത്തിച്ച് നെല്‍ച്ചെടികള്‍ ഉണങ്ങാതെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചിരുന്നു. കൃഷിച്ചെലവ് ക്രമാതീതമായി വര്‍ധിക്കാനും ഇത് കാരണമായിരുന്നു. ചാലക്കുടി വലതുകര കനാലിനു കീഴിലെ ആറേശ്വരം ഉപകനാല്‍ വഴി വെള്ളം എത്തിച്ച് കൃഷി രക്ഷിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കനാല്‍ വൃത്തിയാക്കാത്തതിനാല്‍ ഈ ആവശ്യം നടപ്പായില്ല. വെള്ളം കിട്ടാതെ കൃഷി പൂര്‍ണമായും ഉണങ്ങി നശിക്കുമെന്ന് അവസ്ഥയിലെത്തിനില്‍ക്കവേയാണ് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് മഴപെയ്തത്. മഴ തുടര്‍ന്നും കിട്ടിയാല്‍ വിരിപ്പ് കൃഷി രക്ഷപ്പെടുമെങ്കിലും മൂന്നാഴ്ചയിലേറെ വെള്ളം കിട്ടാതെ വരണ്ടു കിടന്നതിനാല്‍ വിളവ് ഗണ്യമായി കുറയുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.
കൊടകര ചാറ്റിലാംപാടം പാടശേഖരത്ത് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി തുടങ്ങിയ നെല്‍ച്ചെടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മഴയെത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി
