nctv news pudukkad

nctv news logo
nctv news logo

പഞ്ചായത്തുകളില്‍ കുടുംബശ്രീ വഴി നടപ്പാക്കിയിരുന്ന ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം

JANAKEEYA HOTEL

 ഒരു ഊണിന് പത്ത് രൂപയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നത്. കൂടാതെ 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് 30 രൂപയായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. കോവിഡ് കാലത്ത് അതിഥിതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതിന്  ആവിഷ്‌കരിച്ച പദ്ധതി പഞ്ചായത്തുകള്‍ മുഖേനയാണ് നടപ്പാക്കിയത്.
ഹോട്ടലുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വാടക, വൈദ്യുതി ചാര്‍ജ് എന്നിവ നല്‍കിയതും പഞ്ചായത്തുകളാണ്. കുടുംബശ്രീ മിഷനാണ് സബ്‌സിഡി തുക നല്‍കിയിരുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേന കുറഞ്ഞ നിരക്കില്‍ അരിയും നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുടുംബശ്രീ നല്‍കിവന്ന  10 രൂപ സബ്‌സിഡി നിര്‍ത്തലാക്കുകയായിരുന്നു. തുക കൂട്ടിയതോടെ 20 രൂപയ്ക്ക് പതിവായി ഊണ് കഴിച്ചിരുന്ന പലരും വരാതായതും നടത്തിപ്പുകാര്‍ക്ക് തലവേദനയാകുന്നുണ്ട്. നിലവില്‍ കുടുംബശ്രീ മിഷന്‍ ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കാനുള്ള തുക കുടിശികയാണെന്ന് തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു. നിര്‍ത്തലാക്കിയ സബ്‌സിഡിതുക പുനഃസ്ഥാപിക്കണമെന്നും, വര്‍ധിപ്പിച്ച ഊണിന്റെ നിരക്ക് കുറയ്ക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.  വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ പിന്തുണച്ച് ജനകീയ ഹോട്ടലുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *