പാലത്തിന്റെ മെയിന്‍ കോണ്‍ക്രീറ്റിങ് നടത്തി. പൈലിങ്, ഡെക്ക് സ്ലാബ് നിര്‍മാണം, സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് പ്രധാന വാര്‍ക്ക പ്രവര്‍ത്തികള്‍ ആരംഭിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, ജനപ്രതിനിധികളായ അല്‍ജോ പുളിക്കന്‍, കെ.എ. അനില്‍കുമാര്‍, ഷിന്റാ സനോജ്, ഭദ്ര മനു, പിഡബ്ല്യുഡി പാലം വിഭാഗം ഉദ്യോഗസ്ഥരായ നിമേഷ് പുഷ്പന്‍, എം.എ. ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു. ദേശീയപാത 544 പുതുക്കാട് ജംഗ്ഷനിലേക്ക് വല്ലച്ചിറ, ആറാട്ടുപുഴ, ചെറുവാള്‍, പാഴായി പ്രദേശങ്ങളിലെ ജനങ്ങള്‍ എത്തിച്ചേരുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് കേളിത്തോട് പാലം വഴിയുള്ള സഞ്ചാരമായിരുന്നു. കാലവര്‍ഷത്തില്‍ തകര്‍ന്ന കേളിത്തോട് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നു. ഇതുവഴിയുള്ള സ്വകാര്യ ബസുകളുടെ സര്‍വീസും നിലച്ചിരിക്കുകയായിരുന്നു. രണ്ടരക്കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് പാലം പുനര്‍ നിര്‍മ്മിക്കുന്നത്.
പുതുക്കാട് ചെറുവാള്‍ നെടുമ്പാള്‍ റോഡില്‍ കേളിത്തോട് പാലത്തിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു
