nctv news pudukkad

nctv news logo
nctv news logo

ഓഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബര്‍ ഒന്നിന് ആവേശകരമായ പുലിക്കളി മത്സരത്തോടെ സമാപിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി

onam tcr

റവന്യൂ മന്ത്രി കെ. രാജന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതിയില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, എംപിമായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്. പി ബാലചന്ദ്രന്‍ എംഎല്‍എ കണ്‍വീനറും എഡിഎം ടി മുരളി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി സുബൈര്‍ കുട്ടി, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ജില്ലയിലെ എംഎല്‍എമാര്‍ ചെയര്‍മാന്‍മാരും വകുപ്പ് തലവന്‍മാര്‍ കണ്‍വീനര്‍മാരുമായി 10 സബ് കമ്മിറ്റികള്‍ക്കും മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് അനക്സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍, അക്കാദമി ചെയര്‍മാന്‍മാര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയവരും ഉള്‍പ്പെട്ടതാണ് സംഘാടക സമിതി. ഇത്തവണത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സിഎംഎസ് സ്‌കൂളിന് എതിര്‍വശം പ്രത്യേകം തയ്യാറാക്കുന്ന വേദിയില്‍ എല്ലാ ദിവസവും കലാപരിപാടികള്‍ അരങ്ങേറും. പ്രാദേശിക കലാകാരന്മാര്‍ക്കും കലാസംഘങ്ങള്‍ക്കും മുന്‍ഗണന നല്‍കും. വിവിധ അക്കാദമികളുടെയും വകുപ്പുകളുടെയും വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെയും പങ്കാളിത്തം ഉറപ്പാക്കും. വ്യാപാരി സമൂഹവുമായി സഹകരിച്ച് നഗരവീഥികളും ഷോപ്പുകളും അലങ്കരിക്കും. മികച്ച ദീപാലങ്കാരത്തിന് ആഘോഷങ്ങളുടെ സമാപന ദിവസം സമ്മാനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഓണാഘോഷ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ നൈറ്റ് ഷോപ്പിംഗിന് സൗകര്യം ഒരുക്കും. ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുമായി സഹകരിച്ച് തേക്കിന്‍കാട് മൈതാനിയില്‍ മെഗാ തിരുവാതിര സംഘടിപ്പിക്കും. ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്കു പുറമെ, ജില്ലയിലെ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകളിലും മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളിലും വിപുലമായ രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ എം എല്‍ എ മാരായ പി ബാലചന്ദ്രന്‍, കെ കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം പ്രേംരാജ് ചൂണ്ടലത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി അനില്‍കുമാര്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു./

Leave a Comment

Your email address will not be published. Required fields are marked *