nctv news pudukkad

nctv news logo
nctv news logo

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു

oommen chandy passed away

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവിൽ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്ത് പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു. പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാമത്തെ വയസ്സില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്. 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു. 1978ല്‍ എകെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതല ഉമ്മന്‍ ചാണ്ടി വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *