കഴിഞ്ഞ 7 വര്‍ഷങ്ങളായി വിവിധ കാരണങ്ങളാല്‍ പ്രവൃത്തി നടത്താതിരുന്ന ചിമ്മിനി ഡാം പ്രദേശത്ത് വീണ്ടും തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നു. ഇതോടെ തോട്ടം മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം മലയോര ജനതയ്ക്കാണ് പുതിയൊരു ഉപജീവനമാര്‍ഗ്ഗം തെളിയുന്നത്. വനം വകുപ്പും തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജന പ്രവൃത്തികളിലൂടെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങളും ജനറല്‍ വിഭാഗത്തിന് 100 ദിനങ്ങളും ഉറപ്പ് വരുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അവരുടെ സങ്കേതങ്ങളിലോ പരിസരപ്രദേശങ്ങളിലോ തൊഴില്‍ നല്കുക എന്ന വെല്ലുവിളിക്കാണ് ഇതോടെ പരിഹാരമാവുന്നത്. വൃക്ഷത്തൈ നടീല്‍, മഴക്കുഴി നിര്‍മ്മാണം, മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍, നഴ്‌സറി നിര്‍മ്മാണം, ഡ്രയിനേജ് സംവിധാനമൊരുക്കല്‍ എന്നിങ്ങനെ വിവിധ പ്രവൃത്തികളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1459 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൊഴില്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 64 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 200 ദിവസവും ജനറല്‍ വിഭാഗത്തില്‍ 30 കുടുംബങ്ങള്‍ക്ക് 100 ദിവസം ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. വനത്തിനകത്ത് ഫലപ്രദമായി തൊഴിലും മെച്ചപ്പെട്ട വരുമാനവും ഉറപ്പുവരുത്തുന്ന മാതൃകാപരമായ പദ്ധതിയുടെ തുടക്കമാണിതെന്ന് പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. മാതൃകാപരമായ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇത്തരം മുന്നേറ്റങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായി. 2023 -24 സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആദ്യമായി 100 ദിവസം പൂര്‍ത്തിയാക്കിയ തൊഴിലാളിയെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരന്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അജിതാ സുധാകരന്‍, വൈസ് പ്രസിഡന്റ്് ടി.ജി. അശോകന്‍, ബിഡിഒ പി.ആര്‍. അജയഘോഷ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു