പദ്ധതിയില്‍ പങ്കാളികളായി വിജയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകളുടെ സംയുക്ത പ്രവര്‍ത്തനമാണ് പൊലിമ പുതുക്കാട്. 29 ഹെക്ടര്‍ സ്ഥലത്ത് ഇത്തവണ പൊലിമ കൂട്ടായ്മ വിളയിച്ചത് 120 ടണ്‍ പച്ചക്കറിയാണ്. ഇവരില്‍ നിന്നും മികവുപുലര്‍ത്തിയ ഓരോ പഞ്ചായത്തിലെയും ആദ്യത്തെ മൂന്നു സ്ഥാനീയര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മറ്റത്തൂര്‍ പഞ്ചായത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ നന്മയാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൂടുതല്‍ അളവില്‍ കൃഷിയിറക്കിയത്. ഒന്നര ഏക്കറില്‍ നിന്നും 3550കിലോ ഗ്രാം വിളവാണ് ലഭിച്ചത്. അനശ്വര (വല്ലച്ചിറ പഞ്ചായത്ത്), ദേവശ്രീ (അളഗപ്പ നഗര്‍), ഐശ്വര്യ ലക്ഷ്മി (പുതുക്കാട്), പ്രതിഭ (നെന്മണിക്കര), സൗഹൃദ (വരന്തരപ്പിള്ളി) ഫ്രണ്ട്‌സ് കൂട്ടായ്മ (തൃക്കൂര്‍), കരുണശ്രീ (പറപ്പൂക്കര) എന്നിവരാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍. വിഷരഹിത സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരത്തോടെ ആരംഭിച്ചു കഴിഞ്ഞു. ഓണ വിപണി ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് മൂന്നാം ഘട്ടം. ഓണത്തിന് പുതുക്കാട് മണ്ഡലത്തില്‍ പൊലിമ പുതുക്കാടിന്റെ ഭാഗമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി വിപണനത്തിന് പുതുക്കാട് ഓണ ചന്ത നടത്തും എന്നും എംഎല്‍എ അറിയിച്ചു. ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് പൊലിമ പുതുക്കാട് പദ്ധതിക്ക് തുടക്കമിട്ടത്.
തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്‍ഡന്‍ പദ്ധതി മുഖേനയുള്ള സഹായങ്ങളും അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 2022 ഒക്ടോബര്‍ 24നാണ് ഒന്നാം ഘട്ടത്തിന് തുടക്കമിട്ടത്. ഭക്ഷ്യസുരക്ഷ, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കൃഷിയോട് താത്പര്യം വര്‍ദ്ധിപ്പിക്കല്‍, മട്ടുപ്പാവ് കൃഷി തുടങ്ങിയവയാണ് പൊലിമയുടെ പ്രധാന ലക്ഷ്യങ്ങള്‍. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചേര്‍പ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരന്‍, സൈമണ്‍ നമ്പാടന്‍, എന്‍. മനോജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ് , ജനപ്രതിനിധികളായ ഷീല മനോഹരന്‍, കാര്‍ത്തിക ജയന്‍, എസ്. സ്വപ്ന , കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. കവിത, ബിഡിഒ പി.ആര്‍. അജയഘോഷ്, പുതുക്കാട് പഞ്ചായത്ത് സിഡിഎസ്. ചെയര്‍പേഴ്‌സണ്‍ അമ്പിളി ഹരി, പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എ. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. മറ്റത്തൂര്‍ കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ ശാസ്ത്രീയപച്ചക്കറി കൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു.