തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരച്ചടങ്ങുകള്‍ അവസാനിച്ചു. ഇനി അടുത്ത വര്‍ഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രില്‍ 19നാണ് അടുത്ത വര്‍ഷത്തെ തൃശൂര്‍ പൂരം.
തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറിയാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളിയത്. എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി പാറമേക്കാവ് ഭഗവതിയും എഴുന്നള്ളി. വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന്‍ ശ്രീമൂല സ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാല്‍ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയായ ഇരു ആനകളും തുമ്പിക്കൈ ഉയര്‍ത്തി പരസ്പരം ഉപചാരം ചൊല്ലി. എട്ട് മണിക്കാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പാറമേക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് മണികണ്ഠനാല്‍ ഭാഗത്തുനിന്ന് തുടങ്ങി. 15 ആനകളാണ് നിരന്നത്. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളവും ഒപ്പം കുടമാറ്റവും നടന്നു. ഞായറാഴ്ച നടന്ന കുടമാറ്റത്തിന്റെ ചെറിയ രൂപമായിരുന്നു തിങ്കളാഴ്ച നടന്നത്. നായ്ക്കനാല്‍ ഭാഗത്തുനിന്ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പും നടത്തി. 14 ഗജവീരന്മാര്‍ അണിനിരന്നു. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ മേളം നടന്നു. ഇരുഭാഗത്തും അതിമനോഹര മേളവും കുടമാറ്റവും നടന്നു. കഴിഞ്ഞദിവസത്തെ തിരക്കിലേക്ക് വരാനാകാത്തവരാണ് കൂടുതലും എത്തിയത്. ഈ ദിവസം സ്ത്രീകള്‍ ഏറെ എത്തുന്നത് എന്നതിനാല്‍ തന്നെ സ്ത്രീകളുടെ പൂരം എന്നുകൂടെ പകല്‍പ്പൂരത്തിനുണ്ട്. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം പകല്‍ വെടിക്കെട്ടോടെ ഇക്കൊല്ലത്തെ പൂരം അവസാനിച്ചു. അതിന് ശേഷം പൂരക്കഞ്ഞിയും കുടിച്ചായിരുന്നു ദേശക്കാരെല്ലാം തേക്കിന്‍കാട് മൈതാനിയില്‍ നിന്ന് പിരിഞ്ഞുപോയത്.
36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി
