വിനോദത്തിലൂടെ കുട്ടികള്‍ക്ക് വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ടിങ്കറിങ് ലാബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനമൊരുങ്ങിയത്. സ്‌കൂള്‍ പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അതിനൂതന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തി. ആളുകളെ അഭിവാദ്യം ചെയ്യാനും സംസാരിക്കാനും കുട്ടികളോടൊത്തു കളിക്കാനും കൂടുന്ന എക്കോ റോബോര്‍ട്ടായിരുന്നു മേളയിലെ താരമായത്. പ്ലാസ്റ്റിക്ക് ബോട്ടില്‍ റിസര്‍വ് വെന്‍ഡിങ് മെഷീന്‍, മാലിന്യമടക്കമുള്ള നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള മെഷീനുകള്‍, ഊര്‍ജ്ജസംരക്ഷണത്തിനായുള്ള സോളാര്‍ ട്രാക്കര്‍, വാനനിരീക്ഷണത്തിനായി ടെലിസ്‌കോപ്പ്, അന്തരീക്ഷവായു മലിനമായാല്‍ മുന്നറിയിപ്പു നല്‍കുന്ന യന്ത്രം, പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍ മണ്ണിനടിയില്‍പ്പെട്ട മനുഷ്യരെയും ലോഹങ്ങളെയുമെല്ലാം കണ്ടെത്തുന്ന മെഷീന്‍, ഓട്ടോമാറ്റിക് ഡസ്റ്റ്ബിന്‍ തുടങ്ങിയ നിരവധി കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം നേടി. റോബോട്ടിക്‌സ്, കോഡിങ് സമ്പ്രദായം, സെന്‍സര്‍ ടെക്‌നോളജി എന്നിവയ്ക്ക് പുറമെ ടൂള്‍കിറ്റ്, 3ഡി പ്രിന്റര്‍ എന്നിവയിലൂടെയുള്ള പഠനം കുട്ടികള്‍ക്ക് പുതിയൊരനുഭവം തന്നെ സമ്മാനിച്ചു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താനും പഠനാനുഭവങ്ങള്‍ സൃഷ്ടിക്കാനുമായി കൊടകര ബിആര്‍സിയാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് അദ്ധ്യക്ഷയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സൗദാമിനി, ഹെഡ്മിസ്ട്രസ് എം.വി. ഉഷ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി തോമസ്, പഞ്ചായത്തംഗങ്ങളായ പുഷ്പാകരന്‍ ഒറ്റാലി, വിജിത ശിവദാസന്‍, കൊടകര ബിപിസി വി.ബി. സിന്ധു, പിടിഎ പ്രസിഡന്റ് ഇ.വി. ഷാബു, എംപിടിഎ പ്രസിഡന്റ് അഞ്ജു അരുണ്‍, എസ്എംസി ചെയര്‍മാന്‍ ടി.ആര്‍. സുരേഷ്ബാബു, പിടിഎ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീജിത്ത്, ഒഎസ്എ ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, സീനിയര്‍ അദ്ധ്യാപിക എ.കെ. അമൃതപ്രിയ, സ്റ്റാഫ് സെക്രട്ടറി ബിജി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.