ജോലി സമയം കഴിഞ്ഞു ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ട്രെയിന്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ ഗെയ്റ്റിന് കുറുകെ നിര്‍ത്തിയിട്ടു. പുതുക്കാട് -ഊരകം റോഡിലെ ഗതാഗതം മുടങ്ങിയത് രണ്ടര മണിക്കൂര്‍. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാന്‍ പോയ ഗുഡ്‌സ് ട്രെയിനാണ് പാതിവഴിയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. രാവിലെ 5.30 നായിരുന്നു സംഭവം. പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സമയമായിരുന്നതിനാല്‍ ഏറെപ്പേര്‍ ഇതുമൂലം ബുദ്ധിമുട്ടിലായി. ട്രെയിന്‍ കുറുകെ ഇട്ടതിനാല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് കടക്കുവാന്‍ ഏറെ പ്രയാസപ്പെട്ടു. പാഴായി ഭാഗത്ത് നിന്നുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങിയ യാത്രക്കാര്‍ ഗുഡ്‌സ് ട്രെയിന്റെ അടിയിലൂടെ നൂര്‍ന്നിറങ്ങി സാഹസികമായാണ് പ്ലാറ്റ്‌ഫോമിലെത്തിയത്. മുന്നറിയിപ്പ് ഇല്ലാതെ ഗേറ്റ് അടച്ചിട്ടതോടെ പുതുക്കാട് നിന്നും ഊരകം ഭാഗത്തേക്കും പാഴായി ഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ വലിയൊരു നിര തന്നെ രാവിലെ ഉണ്ടായിരുന്നു. ബ്ലോക്ക് ഓഫീസ് പരിസരത്ത് വരെ വാഹനങ്ങളുടെ നിര നീണ്ടിരുന്നു. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ലോക്കോ പൈലറ്റുമാര്‍ക്ക് 10 മണിക്കൂറാണ് ഡ്യൂട്ടി സമയം. വടക്കാഞ്ചേരിയില്‍ വെച്ച് തന്നെ സമയം കവിഞ്ഞിരുന്നു. ഡ്യൂട്ടി ഏറ്റെടുക്കേണ്ട ആള്‍ എത്താതിനെതുടര്‍ന്നാണ് പുതുക്കാട് വെച്ച് യാത്ര അവസാനിപ്പിച്ചത്. സ്റ്റേഷന്‍ മ്ാസ്റ്ററെ അറിയിച്ച് തന്നെയായിരുന്നു ലോക്കോ പൈലറ്റ് മടങ്ങിയത്. അധികൃതര്‍ കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്താതിരുന്നതാണ് സംഭവത്തിനിടയായതെന്ന് ആരോപണമുണ്ട്. എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ പകരം ലോക്കോ പൈലറ്റിനെ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
ജോലി സമയം കഴിഞ്ഞു, പാതിവഴിയില്‍ ട്രെയിന്‍ നിര്‍ത്തി ഇറങ്ങി ലോക്കോപൈലറ്റ്
