nctv news pudukkad

nctv news logo
nctv news logo

പാലപ്പിള്ളി കാരികുളം പിള്ളത്തോട് ജനവാസ മേഖലയില്‍ പകല്‍ സമയത്ത് കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തി. 

palapilli kattana

ഇരുപതോളം ആനകളാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ പ്രദേശത്ത് ഇറങ്ങിയത്. കാരികുളത്ത് വീട്ടുപറമ്പുകളില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കണ്ട് വീട്ടുകാര്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ ഒത്തുകൂടി പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് റബ്ബര്‍ തോട്ടത്തില്‍ കയറിയ ആനകള്‍ പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്നാണ് നടാപാടം ഭാഗത്തെ കാട്ടിലേക്ക് പോയത്. വനപാലകരും പഞ്ചായത്തംഗം എം.ബി. ജലാലും നാട്ടുകാരും ചേര്‍ന്നാണ് ജനവാസ മേഖലയില്‍ നിന്ന് ആനകളെ കാട്ടിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലാണ് തമ്പടിച്ചത്. പറമ്പുകളില്‍ കൃഷിനാശം വരുത്തിയ ആനകള്‍ വീടുകള്‍ക്ക് ചുറ്റും നിലയുറപ്പിച്ചതോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കാട്ടിലേക്ക് കയറിയ ആനകള്‍ വീണ്ടും ഇറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ചിമ്മിനി ഡാം റോഡിലെ പിള്ളത്തോട് ഭാഗത്ത് ആനകള്‍ ഇറങ്ങുന്നത് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *