പുതുക്കാട് കെഎസ്ആര്‍ടിസി റോഡ്, നന്തിക്കര മേഖലകളിലെ സര്‍വീസ് റോഡുകളിലെ ഹംപുകളാണ് യാത്രക്കാര്‍ക്ക് തലവേദനയാകുന്നത്. സൂചനാബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടില്ല. ചില റോഡുകളിലെ ഹംപുകള്‍ ഡ്രൈവര്‍ അടുത്തെത്തിയാല്‍ മാത്രമെ ശ്രദ്ധയില്‍പെടാറുള്ളു. വെള്ളവരകളും റിഫഌക്ടറും ഇല്ലാത്തതിനാല്‍ ഹംപ് ശ്രദ്ധയില്‍പെടാത്ത വാഹനങ്ങള്‍ പെട്ടെന്ന് വാഹനം നിര്‍ത്തുകയോ ഹംപില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പിറകില്‍ ഉള്ള വാഹനം ഇടിക്കാനുള്ള സാധ്യതയും ഉണ്ട്. ഹംപുകളുടെ ഉയരം കൂടിയതും അപകടത്തിന് കാരണമായേക്കാമെന്ന് വാഹനയാത്രക്കാര്‍ പറയുന്നു. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുമ്പിലെ സര്‍വീസ് റോഡ് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്. ഇത്രയേറെ ജനങ്ങള്‍ കടന്നുപോകുന്നയിടമായിട്ടുകൂടി അധികൃതരുടെ നിസംഗത തുടരുകയാണ്. വാഹനവേഗത നിയന്ത്രിക്കുന്നതിന് നിര്‍മിച്ച ഹംപുകള്‍ ഒരേസമയം ഗുണകരവും അതേസമയം വാഹനങ്ങള്‍ക്ക് ഭീഷണിയുമാവുകയാണ്. വെളുത്ത വരയോടുകൂടി ചെറിയ ഹംപുകള്‍, ഹംപ് ശ്രദ്ധയില്‍പെടുന്നതരത്തിലുള്ള ദിശാബോര്‍ഡ്, റിഫഌക്ടര്‍ എന്നിവ സ്ഥാപിച്ച് അപകട സാധ്യത കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.