ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കൃഷി വിജ്ഞാനകേന്ദ്ര വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ ക്യാപ്‌സ്യൂള്‍ ആണ് പരീക്ഷണാര്‍ത്ഥം അളഗപ്പനഗറില്‍ കടുത്ത വരള്‍ച്ചയെ പ്രതിരോധിക്കാനായി വാഴത്തോട്ടത്തില്‍ നിക്ഷേപിച്ചത്. കൃഷിവകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായുള്ള കൃഷിപാഠശാലയില്‍ അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കര്‍ഷകയായ സൗമ്യ ബിജുവിന്റെ വാഴത്തോട്ടത്തിലാണ് ഹൈഡ്രോജല്‍ ക്യാപ്‌സ്യൂള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് തുടക്കം കുറിച്ചത്.മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ആണ് ഈ ഗുളിക ഉപയോഗിക്കുന്നത്. പരിസ്ഥിതിക്കിണങ്ങിയ സ്റ്റാര്‍ച്ച് അധിഷ്ഠിതമായ ചേരുവയാണ് ഓരോ ഹൈഡ്രോജല്‍ ക്യാപ്‌സ്യൂളിലും ഉള്ളത്. ഇത് മണ്ണിനെ ഈര്‍പ്പമുള്ളതാക്കി മാറ്റാന്‍ സഹായകരമാംവിധം വെള്ളത്തെ സംഭരിച്ചു വയ്ക്കുകയും ചെടിക്ക് ആവശ്യമുള്ള സമയത്ത് അത് ലഭ്യമാക്കുകയും ചെയ്യുന്നു. ഓരോ ക്യാപ്‌സുളും 34 ഗ്രാം തൂക്കം ഉള്ളതാണ്. ഒരു ക്യാപ്‌സ്യൂളിനു മൂന്ന് രൂപ വില വരും. ഇത് ഓരോ ചെടിയുടെയും വലിപ്പത്തിനനുസരിച്ച് വേര് പടലത്തിനോട് ചേര്‍ന്ന് മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. ആദ്യം നന്നായി നനച്ചു കൊടുക്കണം. ഇത് 300 മുതല്‍ 400 ഇരട്ടി വെള്ളം സംഭരിച്ചു വയ്ക്കും.ഇത് മണ്ണില്‍ വെള്ളത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഗുളികകളില്‍ സംഭരിച്ചുവെച്ച വെള്ളം വേരുകള്‍ ആവശ്യത്തിന് ഉപയോഗിച്ചു കൊള്ളും. പരീക്ഷണത്തിന് ഓരോ വാഴയ്ക്കും ആറ് ഗുളിക വീതം ആണ് ഉപയോഗിച്ചത്. ബാഗുകളിലും ചെടിച്ചട്ടികളിലും ഇത് ഉപയോഗപ്രദമാണ്. ക്യാപ്‌സൂള്‍ നിക്ഷേപിച്ചതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ നിര്‍വഹിച്ചു.അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി അധ്യക്ഷയായിരുന്നു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ സനല്‍ മഞ്ഞളി, പ്രിന്‍സ് അരിപ്പാലത്തുകാരന്‍, കൃഷി ഓഫീസര്‍ എന്‍.ഐ. റോഷ്‌നി , കൃഷി അസിസ്റ്റന്റ്മാരായ പി.ജെ. ഷൈനി, സി.എം. ബിന്ദു, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ.കെ. ഗോഖലെ, ടി. സുരേന്ദ്രന്‍, ഉഷ ഉണ്ണി, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.