കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ചടങ്ങുകള്‍ മാത്രമായി നടന്ന കൊടകര ഷഷ്ഠി ഇക്കുറി വിപുലമായാണ് ആഘോഷിച്ചത്. 21 കാവടി സെറ്റുകളാണ് ആഘോഷത്തില്‍ പങ്കാളികളായത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് പാല്‍, പനിനീര്, കളഭം, പഞ്ചാമൃതം തുടങ്ങിയ അഭിഷേകദ്രവ്യങ്ങളുമായി ഊരാളനും ദേവസ്വം അധികൃതരും ആഘോഷകമ്മിറ്റി ഭാരവാഹികളും കുന്നിന്‍ മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പുറപ്പെട്ടതോടെ ഷഷ്ഠിചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ ആദ്യത്തെ അഭിഷേകം ദേവസ്വം വകയായാണ് നടന്നത്. തുടര്‍ന്ന് ഭക്തജനങ്ങളുടെ അഭിഷേകങ്ങള്‍ ആരംഭിച്ചു. വിവിധ കാവടി സമാജങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ ഓരോ കാവടിയുമായി കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയ ശേഷമാണ് കാവടിയാട്ടം തുടങ്ങിയത്. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി ,മേല്‍ശാന്തി അമൃത് ഭട്ട്് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. രാവിലെ ഒമ്പതോടെ വിവിധ ദേശക്കാരുടെ കാവടിയാട്ടം ആരംഭിച്ചു. ഉച്ചയോടെ പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനത്തെത്തിയ കാവടിസെറ്റുകളെ ആതിഥേയരായ കാവില്‍ കരയോഗം സെറ്റ് ആചാരപ്രകാരം എതിരേറ്റ് ക്ഷേത്രനടയിലേക്കാനയിച്ചു. വൈകുന്നേരം ഏഴുമണിക്ക് പൂനിലാര്‍ക്കാവില്‍ നിന്ന് ചെട്ടിവാദ്യത്തിന്റെ അകമ്പടിയോടെ കുന്നതൃക്കോവില്‍ ക്ഷേത്രത്തിലേക്ക് ഭസ്മക്കാവടി എഴുന്നള്ളിപ്പും രാത്രിയില്‍ കാവടിയാട്ടവും നടത്തി.