ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി ഇനത്തില്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത് 175 ലക്ഷം രൂപ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര വികസന വകുപ്പ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീരസഹകരണ സംഘങ്ങളില്‍ ക്ഷീരകര്‍ഷകര്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ നിരക്കില്‍ സബ്‌സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതാണ് പദ്ധതി. പഴഞ്ഞി, കാട്ടകാമ്പാല്‍ പഞ്ചായത്തുകളില്‍ പദ്ധതിക്ക് തുടക്കമായി. മാര്‍ച്ച് മാസത്തോടെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഇതിന്റെ ഭാഗമാകും. പരിപാടിയില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. ക്ഷീരസംഘം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അവലോകന യോഗം ചേര്‍ന്നു. ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി. ശ്രീജ, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എസ്. ജയ, എ.വി. വല്ലഭന്‍, ലത ചന്ദ്രന്‍, പി.എം. അഹമ്മദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഭാസ്‌ക്കരന്‍ ആദംക്കാവില്‍, സാബിറ, കേരള ഫീഡ്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ അഖില, ക്ഷീര വികസന ഓഫീസര്‍മാര്‍, ക്ഷീരസംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ പ്രസംഗിച്ചു.