മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേയര്‍ എം.കെ. വര്‍ഗീസ് ആദ്യ വില്‍പന നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് തൃശൂരില്‍ നിര്‍മിക്കുമെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ രൂപരേഖ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡല്‍ഹി ആസ്ഥാനമായ ഡിംസുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തൃശൂരിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ആവശ്യമെങ്കില്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ ഊര്‍ജസ്വലരാക്കുന്നതിന്റെ ഭാഗമായി അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ധാരണയായിട്ടുണ്ട്. പാറശ്ശാലയില്‍ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്‌കരണം വിജയകരമാണെന്ന് കണ്ടതിനാല്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് നടപടി തുടങ്ങി. വരുമാന വര്‍ധനവിനൊപ്പം ഷെഡ്യൂളുകള്‍ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നേരത്തേ വാങ്ങിയ 35 ഇലക്ട്രിക് ബസ്സുകള്‍ക്ക് പുറമെ 15 എണ്ണം കൂടി ഉടന്‍ പുറത്തിറങ്ങുമെന്നും 200 ബസുകളുടെ ടെന്‍ഡര്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമാണ് യാത്രാ റീട്ടെയ്ല്‍ ഫ്യൂവല്‍ ഔട്ട്‌ലെറ്റ്. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഈ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകും. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്ന പോലെ ഇന്ധന വിതരണ രംഗത്തും കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സിനെ ഒരു പ്രമുഖ ശക്തിയായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ തൃശൂര്‍ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു.
