nctv news pudukkad

nctv news logo
nctv news logo

അളഗപ്പമില്‍ അടഞ്ഞുതന്നെ; രണ്ട് വര്‍ഷമായി വരുമാനം നഷ്ടപ്പെട്ട് നൂറുകണക്കിന് തൊഴിലാളികള്‍

alagappa mill

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച അളഗപ്പ മില്‍ 2 വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. 2020 മാര്‍ച്ച് 24നാണ് മില്‍ അടച്ചു പൂട്ടിയത്. ഏക വരുമാനം നഷ്ടമായതോടെ അര്‍ധ പട്ടിണിയിലാണ് ഇവിടത്തെ തൊഴിലാളികള്‍. അളഗപ്പനഗര്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും താമസക്കാരാണ് ഇവര്‍. രണ്ടര വര്‍ഷമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപ്പെടുന്ന ഈ തൊഴിലാളികളുടെ ദുരവസ്ഥയോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ് മാനേജ്‌മെന്റ്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷ്ണല്‍ ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്റെ അധീനതയിലുള്ള മില്ലില്‍ 487 തൊഴിലാളികളുണ്ട്. 262 പേര്‍ സ്ഥിരം തൊഴിലാളികളാണ്. ഇവരില്‍ 191 പേരും സ്ത്രീകളാണ്. 225 താല്‍ക്കാലിക തൊഴിലാളികളില്‍ 173 സ്ത്രീകളുണ്ട്. പഞ്ഞി നൂല്‍ അക്കിമാറ്റുന്ന പ്രവര്‍ത്തനമാണ് മില്ലില്‍ നടക്കുന്നത്. എട്ടുമണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റുകളിലായിരുന്നു ജോലി. വളരെ കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് മില്‍ അടച്ചതോടെ ഇരട്ടി പ്രഹരമായി. സ്ഥിരം തൊഴിലാളികള്‍ക്കുമാത്രമാണ് മില്‍ അടച്ചതിനുശേഷം അമ്പതുശതമാനത്തില്‍ താഴെ വേതനം നല്‍കുന്നത്. പലപ്പോഴും അതും മുടങ്ങിയതായി തൊഴിലാളികള്‍ പറയുന്നു. മക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിര്‍മ്മിക്കുന്നതിനുമായി മിക്ക തൊഴിലാളികളും ബാങ്കില്‍ നിന്ന് വായ്പയെടുത്തവരാണ്. കുടുംബ ചെലവുകളും വായ്പ തിരിച്ചടവും ഇവര്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി മാറുകയാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കമ്പനി പടിക്കല്‍ ഉപവാസ സമരം നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖല  വ്യവസായ നടത്തിപ്പില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മില്‍ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *