nctv news pudukkad

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; “തൂക്കിക്കൊന്നോളൂ” എന്ന് കോടതിയിൽ പ്രതിയുടെ വെല്ലുവിളി!

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിൽ നടന്ന വാദത്തിൽ, സമൂഹത്തിന് തന്നെ ഭീഷണിയായ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. ബി.എൻ.എസ്. 103(1), 126(2) വകുപ്പുകൾ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

വിധി പ്രസ്താവനയ്ക്കായി കോടതിയിലെത്തിയ ചെന്താമര ഭീഷണി മുഴക്കിയിരുന്നു. തടസ്സം നിന്നാൽ ഇത്തരത്തിലായിരിക്കും തന്റെ പെരുമാറ്റമെന്നും, ആവശ്യമെങ്കിൽ മറ്റുള്ളവരെയും കൊല്ലുമെന്നും പ്രതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

മാനസിക പ്രശ്നമില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, തനിക്ക് പ്രശ്നമുണ്ടെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ “തൂക്കി കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ മറുപടി.

2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് 2025 ജനുവരിയിൽ ഇരട്ടക്കൊലപാതകം നടത്തിയത്. സജിത വധക്കേസിൽ നേരത്തെ കോടതി ഇയാൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

സുധാകരനും അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ട കേസിൽ ഒന്നര വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *