nctv news pudukkad

ആമ്പല്ലൂരിലെ വെള്ളക്കെട്ടിന് അടിയന്തര പൂട്ടിടാൻ പഞ്ചായത്ത്; ഒടുവിൽ ജനപ്രതിനിധികൾ നേരിട്ടെത്തി!

ആമ്പല്ലൂര്‍ ജംഗ്ഷനില്‍ ദേശീയപാതയ്ക്ക് കുറുകെയുള്ള കള്‍വര്‍ട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചുവെന്ന എന്‍സിടിവി വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍. ആമ്പല്ലൂരിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ വെള്ളക്കെട്ടിലാക്കുമെന്ന വ്യാപാരികളുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്ന് അളഗപ്പനഗര്‍ പഞ്ചായത്ത് ഭരണസമിതി.

ആമ്പല്ലൂര്‍ പാടം മണ്ണിട്ട് നികത്തിയ ഇപ്പോഴത്തെ ജോര്‍ജ് ടൗണില്‍ വെള്ളം ഒഴുകാനും അധിക ജലം ഉള്‍ക്കൊള്ളാനും നിലനിര്‍ത്തിയിരുന്ന തോടുകള്‍ നികത്തിയ നിലയിലാണ്. ഇവിടെ നിന്നും ദേശീയപാതയ്ക്ക് കുറുകെയുള്ള കല്‍വര്‍ട്ടില്‍ അടിപ്പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും നിറഞ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു.10 അടിയോളം വീതിയുള്ള കല്‍വര്‍ട്ട് മറുഭാഗത്ത് നെന്‍മണിക്കര പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ വീതി രണ്ടടിയായി കുറയുകയാണ്. ദേശീയപാതയില്‍ നിലവിലുള്ള നാല് കല്‍വര്‍ട്ടുകളുടെയും സ്ഥിതി ഇതുതന്നെയാണ്. പലഭാഗങ്ങളിലും തോട് ചുരുങ്ങിയും തീരെ ഇല്ലാതായും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം മുഴുവന്‍ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറുന്ന സ്ഥിതിയാണ്. അടഞ്ഞുപോയ കല്‍വര്‍ട്ടുകള്‍ തുറന്നു തരേണ്ടത് ദേശീയപാത അതോറിറ്റിയാണെന്നും പ്രശ്‌നത്തിന്റെ ഗൗരവവും ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തെ സമീപിച്ചതായും പഞ്ചായത്ത് പ്രസിഡണ്ട് ഭാഗ്യവതി ചന്ദ്രന്‍ പറഞ്ഞു. വ്യാപാരികള്‍ ചൂണ്ടിക്കാണിച്ച വിഷയം ഗൗരവമേറിയതാണ്. അടിയന്തരമായി ആമ്പല്ലൂര്‍ ജംഗ്ഷനില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലെ തടസ്സങ്ങള്‍ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ അടിപ്പാത നിര്‍മ്മിക്കുമ്പോള്‍ ദേശീയപാത അതോറിറ്റിയും നെന്മനിക്കര, അളഗപ്പനഗര്‍, പുതുക്കാട് പഞ്ചായത്തുകളും ചെയ്യേണ്ട ആസൂത്രണങ്ങള്‍ സംബന്ധിച്ച് യോഗങ്ങള്‍ ചേരുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതുമാണ്. എന്നാല്‍ ദേശീയപാതയുടെ മറുവശത്ത് നെന്മണിക്കര പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ വെള്ളം ഒഴുകിപ്പോകുന്ന തോടുകള്‍ അശാസ്ത്രീയമായി നികത്തിയ നിലയിലാണെന്നും ഇത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്‌സ് ചുക്കിരി കുറ്റപ്പെടുത്തി. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ മഴ കനക്കുന്നതിനു മുമ്പ് നികത്തിയ തോടുകള്‍ വീണ്ടെടുക്കാന്‍ നെന്മണിക്കര പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുമെന്നും വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും വൈസ് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

അളഗപ്പ നഗര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഭാഗ്യവതി ചന്ദ്രന്‍, വൈസ് പ്രസിഡണ്ട് അലക്‌സ് ചുക്കിരി, സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബെന്നി ടി ടി, സിനി ബിജു, ലിറ്റി മേജോ എന്നിവരാണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട സ്ഥലങ്ങള്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *