ജനാധിപത്യ കടമ നിർവ്വഹിച്ചതിന് തൊട്ടുപിന്നാലെ വോട്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ-63) ആണ് മരിച്ചത്. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലായിരുന്നു വിനോദ് വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വീൽചെയറിൽ ഇരുത്തി പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ വിനോദ് കുഴഞ്ഞുവീഴുകയായിരുന്നു. ബൂത്തിലുണ്ടായിരുന്നവർ ചേർന്ന് ഉടൻ തന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായാണ് വിവരം.






