nctv news pudukkad

ദുബായിൽ നിന്ന് വിമാനമിറങ്ങി, നേരെ ജയിലിലേക്ക്; വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരിയിൽ പിടിയിൽ!

വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വധശ്രമക്കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ചെന്ത്രാപ്പിന്നി സ്വദേശി വിബിനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് സർക്കുലർ നിലവിലുള്ള പ്രതി ദുബായിൽ നിന്ന് എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്.

2021-ൽ എടത്തിരുത്തി സ്വദേശി സുവിലാലിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായ വിബിൻ എന്ന മുരുകൻ. കേസിൽ ജാമ്യം എടുത്ത ശേഷം വിചാരണ നടപടികളിൽ സഹകരിക്കാതെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നേരത്തെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ വിബിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തിരിച്ചറിയുകയും ഉടൻ തന്നെ തൃശ്ശൂർ റൂറൽ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് നെടുമ്പാശ്ശേരിയിലെത്തിയ പ്രത്യേക അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കൈപമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ വിബിനെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൈപമംഗലം എസ്.എച്ച്.ഒ കെ.ടി ബിജിത്ത്, ജി.എസ്.ഐ ജോഷർ, സി.പി.ഒ ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *