പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ നാളെ ഈസ്റ്റർ ആഘോഷിക്കുന്നു. അമ്പതുനാൾ നീണ്ടുനിന്ന നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസികൾ നാളെ ഉയിർപ്പുതിരുനാളിന്റെ ആവേശത്തിലേക്ക് കടക്കും.
ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾക്ക് വിരാമമിട്ട് പ്രത്യാശയുടെ പ്രകാശം പരത്തിക്കൊണ്ടാണ് ഈസ്റ്റർ എത്തുന്നത്. ദുഃഖവെള്ളിയാഴ്ചയിലെ കരിനിഴൽ നീക്കി യേശുക്രിസ്തു മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ്.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ പ്രത്യേക പ്രാർത്ഥനകളും ഉയിർപ്പ് തിരുകർമ്മങ്ങളും നടക്കും. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ, കൊച്ചി സെന്റ് മേരീസ് ബസിലിക്ക, മലയാറ്റൂർ കുരിശുമുടി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. മലയാറ്റൂരിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് പൊന്നിൻ കുരിശ് മുത്തപ്പന്റെ മല കയറി ഉയിർപ്പ് തിരുനാളിനായി എത്തുന്നത്.
വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനകൾക്കും ശേഷം വീടുകളിൽ സ്നേഹവിരുന്നുകളും കുടുംബസംഗമങ്ങളും നടക്കും. പള്ളികളിൽ പുലർച്ചെയുള്ള തിരുകർമ്മങ്ങളിൽ പങ്കുചേരാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഒഴുകിയെത്തും.
തിന്മയ്ക്കു മേൽ നന്മയുടെയും മരണത്തിനു മേൽ ജീവന്റെയും വിജയമാണ് ഈസ്റ്റർ വിളിച്ചോതുന്നത്. യുദ്ധവും ദുരിതങ്ങളും നേരിടുന്ന ലോകത്തിന് സമാധാനത്തിന്റെ വലിയൊരു സന്ദേശം കൂടിയാണ് ഈ ഉയിർപ്പ് തിരുനാൾ പകരുന്നത്.






