പാചകവാതക പൈപ്പ് ലൈൻ ചോർച്ചയെത്തുടർന്ന് അതീവ ജാഗ്രത നിലനിൽക്കുന്ന പാലിയേക്കരയിൽ നാട്ടുകാരെ പരിഭ്രാന്തരാക്കി തീപിടുത്തം. ഗ്യാസ് ചോർച്ചയുണ്ടായ സ്ഥലത്തിന് വെറും അരക്കിലോമീറ്റർ മാത്രം അകലെ പാടത്താണ് തീ പടർന്നത്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സമയോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ബുധനാഴ്ച ഉച്ചയോടെയാണ് പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്ത് തീപിടുത്തമുണ്ടായത്. പാതയോരത്തെ വർക്ക് ഷോപ്പുകൾക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്ന് കരുതുന്നു. കനത്ത കാറ്റിൽ തീ അതിവേഗം പാടത്തേക്ക് വ്യാപിക്കുകയായിരുന്നു. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ച തുടരുന്നതിനിടെയുണ്ടായ ഈ തീപിടുത്തം പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തി. ശക്തമായി പുറന്തള്ളുന്ന ഗ്യാസ് കാറ്റിന്റെ ഗതിയിൽ ദേശീയ പാതയോരത്തേക്കും എത്തുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഇതേ ദിശയിലേക്ക് തീ പടർന്നത് ദുരന്തസാധ്യത വർദ്ധിപ്പിച്ചു. എന്നാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്. നിലവിൽ അതീവ സുരക്ഷാ വലയത്തിലാണ് പ്രദേശം. മുൻകരുതൽ നടപടിയായി പരിസരത്തെ വീട്ടുകാരെ ഒഴിപ്പിക്കുകയും വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാസ് ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. വൈകിട്ടോടെ പണികൾ പൂർത്തിയാകുമെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം അറിയിക്കുന്നത്. അതുവരെ പ്രദേശവാസികൾ അധികൃതരുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.






