തൃശൂർ: ഇരിങ്ങാലക്കുട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഒരാളുടെ മരണത്തിനും മറ്റൊരാൾക്ക് ഗുരുതര പരുക്കിനും ഇടയാക്കിയ അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണിമംഗലം സ്വദേശി ആലപ്പാട്ട് വീട്ടിൽ സെലീഷിനെ (34) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 13-ന് വൈകീട്ട് 6.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സ്റ്റാൻഡിന് സമീപം മുന്നിൽ പോയിരുന്ന ‘ദേവമാത’ എന്ന ബസ് നിർത്തിയപ്പോൾ പുറകിലുണ്ടായിരുന്ന മനോജിന്റെ ബൈക്കും സണ്ണിയുടെ സ്കൂട്ടറും വേഗത കുറച്ചു. എന്നാൽ ഇവയ്ക്ക് പിന്നാലെ അമിതവേഗതയിൽ വന്ന ‘പൂമല‘ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇരുവാഹനങ്ങളിലും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആമ്പല്ലൂർ സ്വദേശി മനോജ് (53) മരിച്ചു. ഗുരുതരമായി പരുക്കേറ്റ സണ്ണി ചികിത്സയിലാണ്.
മനുഷ്യജീവന് അപകടം സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ അമിതവേഗതയിൽ വാഹനമോടിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 105 (നരഹത്യ) പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ സെലീഷ് മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. നെടുപുഴ, തൃശൂർ ഈസ്റ്റ്, ട്രാഫിക് സ്റ്റേഷനുകളിലായി മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിനും ഇയാൾക്കെതിരെ ആറോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ഇരിങ്ങാലക്കുട എസ്.ഐ ടി.ജി അഭിലാഷ്, ജി.എസ്.ഐമാരായ മനോജ്, മുഹമ്മദ് റാഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.






