nctv news pudukkad

അതിവേഗ നീതി; 2025-ലെ പീഡനക്കേസിൽ പ്രതിക്ക് 30 വർഷം ശിക്ഷ വിധിച്ച് ചാലക്കുടി ഫാസ്റ്റ് ട്രാക്ക് കോടതി

ചാലക്കുടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേലൂർ വില്ലേജ് പൂലാനി സ്വദേശി മണിയാൻപറമ്പിൽ വീട്ടിൽ വിപിൻ (40) എന്നയാളെയാണ് ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2025-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയ കൊരട്ടി പോലീസ് ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിഴത്തുകയായ ഒരു ലക്ഷം രൂപ അടക്കാത്ത പക്ഷം ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.

കൊരട്ടി പൊലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ സജിനിദാസ് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐ ഷാജു ഒ.ജി ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ എം.കെ സജീവ് ആദ്യാന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ അമൃത് രംഗൻ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ ഷീബയും അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി. സി.പി.ഒ ചിത്തിര കോടതി നടപടികൾ ഏകോപിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *