തൃശൂർ: ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് 17 വയസ്സുള്ള വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കൊരുമ്പിശേരി സ്വദേശി തോപ്പുംവളപ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവിനെ (21) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന പുത്തൻച്ചിറ സ്വദേശിയായ വിദ്യാർത്ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ വർഷം ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വെച്ച് സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഒരു സംഘർഷത്തിൽ പരാതിക്കാരനായ ഈ വിദ്യാർത്ഥിയും ഉൾപ്പെട്ടിരുന്നു എന്ന തെറ്റിദ്ധാരണയിലാണ് പ്രതികൾ മർദനം അഴിച്ചുവിട്ടത്. മർദനത്തിന് ശേഷം വിദ്യാർത്ഥിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ കവരുകയായിരുന്നു.
അറസ്റ്റിലായ പ്രണവ് (കുട്ടൻ) ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ നിലവിൽ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.ഐ ടി.ജി അഭിലാഷ്, എ.എസ്.ഐമാരായ ഗോപകുമാർ, മുരുകദാസ്, സി.പി.ഒ. മുരളീകൃഷ്ണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.






