സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്ന് ആരോപിച്ചാണ് ഡി.സി.സി ഓഫീസിന് മുന്നിലടക്കം വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് തൃശൂരിൽ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി പോസ്റ്ററുകൾ ഉയർന്നത്. തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റുവെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എം.എൽ.എ എം.പി വിൻസന്റ് എന്നിവരാണ് ഈ ‘സീറ്റ് വിൽപ്പന’യ്ക്ക് പിന്നിലെന്നും പോസ്റ്ററിൽ പേരെടുത്ത് കുറ്റപ്പെടുത്തുന്നു. കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും, ഇത്തരം സീറ്റ് കച്ചവടത്തിന് പാർട്ടി കൂട്ടുനിൽക്കരുതെന്നും പോസ്റ്ററിലൂടെ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. തൃശൂർ മണ്ഡലത്തിൽ രാജൻ പല്ലൻ സ്ഥാനാർത്ഥിയായേക്കും എന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്ക് എത്തിയത്. തദ്ദേശീയരായ പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് നീക്കമെന്നാണ് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ രംഗത്തിറങ്ങിയവരുടെ വാദം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.






