കൊരട്ടിയിൽ ദേശീയപാതയിൽ സിനിമയെ വെല്ലുന്ന ചേസിംഗിനൊടുവിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 96.45 ഗ്രാം അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി കൊല്ലം സ്വദേശി ഷംനാദിനെ തൃശൂർ റൂറൽ പൊലീസ് പിടികൂടി. ലഹരി കടത്താൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് ലഹരിമരുന്നുമായി വരികയായിരുന്ന ഷംനാദിന്റെ കാറിനെ പാലിയേക്കര ടോൾ പ്ലാസ മുതൽ പോലീസ് പിന്തുടർന്നു. പൊലീസിനെ തിരിച്ചറിഞ്ഞ പ്രതി ദേശീയപാതയിലൂടെ കാർ അമിതവേഗതയിൽ പായിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാലോളം വാഹനങ്ങളെ പ്രതി ഇടിച്ചുതെറിപ്പിച്ചു. കിലോമീറ്ററുകളോളം പിന്തുടർന്ന ഡാൻസാഫ് സംഘം ഒടുവിൽ കൊരട്ടിയിൽ വെച്ച് റോഡ് ബ്ലോക്ക് ചെയ്താണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഷംനാദ് നേരത്തെയും ആറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മയക്കുമരുന്ന് കേസുകൾക്ക് പുറമെ പൊതുനിരത്തിൽ അപകടകരമായി വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. നാർകോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ സലാമിന്റെയും കൊരട്ടി പൊലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പിടിയിലായ പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






