ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി കാറിനുള്ളിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ആത്മഹത്യയ്ക്ക് ഉപയോഗിച്ച തോക്ക് അനധികൃതമായി കൈമാറിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കാഞ്ചേരി മംഗലം സ്വദേശി ജസ്റ്റിൻ മാത്യു, ഇടുക്കി കുമളി സ്വദേശി റീഗൻ ജോസഫ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ പത്തിന് രാത്രിയാണ് പുല്ലൂർ ആസാദ് റോഡ് സ്വദേശി കുറ്റിക്കാടൻ ജോസിനെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ആത്മഹത്യാക്കുറിപ്പും തോക്കും കണ്ടെടുത്തിരുന്നു. തനിക്ക് തോക്ക് എത്തിച്ചു നൽകിയത് ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കേരള പൊലീസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, ഈ തോക്ക് ലൈസൻസില്ലാത്തതും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും സ്ഥിരീകരിച്ചു. തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം കൈമാറിയതിനാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തത്. അറസ്റ്റിലായ ജസ്റ്റിൻ മാത്യു നേരത്തെ വിയ്യൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ ഷാജി, എസ്.ഐ മാരായ ടി അബിലാഷ്, അനു ജോസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘവും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






