വ്യാജ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴി 57 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ സൈബർ പൊലീസ് സംഘം പിടികൂടി. കോഴിക്കോട് കസബ ചാലക്കുളം സ്വദേശി താമരത്ത് വീട്ടിൽ ടി. അഖിൽ ആണ് അറസ്റ്റിലായത്.
കോഴിക്കോട് നിന്നാണ് സൈബർ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ കിഴുത്താണി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവാവിനെ വലയിലാക്കിയത്. 2025 ജൂൺ മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി 57,41,000 രൂപയാണ് പരാതിക്കാരൻ നിക്ഷേപിച്ചത്. എന്നാൽ ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ് സുജിത്ത്, ജി.എസ്.ഐ ടി.എൻ അശോകൻ, സി.പി.ഒമാരായ ഷിബു വാസു, സുധീപ്, അനന്തു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ വലയിലാക്കിയത്.






