കൊടകര വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ ഭണ്ടാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. ചാലക്കുടി ഉറുമ്പൻകുന്ന് സ്വദേശി ബിബിനെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഭണ്ടാര മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് വെളുപ്പിനായിരുന്നു ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മൂന്ന് ഭണ്ടാരങ്ങളുടെ പൂട്ടു തകർത്താണ് ബിബിൻ പണം അപഹരിച്ചത്. ഭണ്ടാരങ്ങളിൽ ഉണ്ടായിരുന്ന ഏകദേശം ആറായിരം രൂപയോളം ഇയാൾ മോഷ്ടിച്ചു. മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ കൊടകര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പിടിയിലായ ബിബിൻ കൊടും കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ടോളം ഭണ്ടാര മോഷണക്കേസുകൾ നിലവിലുണ്ട്. കൊടകര എസ്.എച്ച്.ഒ ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐമാരായ കൃഷ്ണപ്രസാദ്, ബിനോയ് മാത്യു, ജി.എ.എസ്.ഐമാരായ ആഷ്ലിൻ ജോൺ, ഷിജു എം.കെ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൂതിക്കൂളങ്ങര ക്ഷേത്രത്തിൽ ഭണ്ടാരക്കവർച്ച; ‘സ്ഥിരം പണി’യായ ചാലക്കുടി സ്വദേശി ബിബിൻ കുടുങ്ങി






