nctv news pudukkad

കൊടകരയിൽ 12 പവൻ സ്വർണ്ണം മോഷ്ടിച്ച യുവതി പിടിയിൽ; കവർച്ച പൂജാരിയുടെ വീട്ടിൽ

കൊടകര: പ്രശ്നപരിഹാരത്തിനായി പൂജാരിയെ സമീപിച്ച യുവതി വീട്ടിൽ നിന്ന് 12 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ അറസ്റ്റിലായി. കൊടകര പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26) യെയാണ് തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടിയത്. മറ്റത്തൂർ വില്ലേജ് മൂലംകുടം സ്വദേശിയായ പൂജാരി അജേഷിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്.

കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തിലെ പ്രശ്നപരിഹാരത്തിനായി സൂര്യ സ്ഥിരമായി പൂജാരിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഈ പരിചയവും വിശ്വാസവും മുതലാക്കിയാണ് പ്രതി കവർച്ച നടത്തിയത്. സംഭവദിവസം പൂജാരി അടുക്കളയിലേക്ക് മാറിയ സമയം നോക്കി ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണ്ണാഭരണങ്ങൾ സൂര്യ തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. ഏകദേശം 12 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങളാണ് അന്ന് മോഷണം പോയത്.

ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാതിരുന്ന കേസിൽ പൊലീസ് നടത്തിയ വിപുലമായ ശാസ്ത്രീയ അന്വേഷണമാണ് സൂര്യയിലേക്ക് എത്തിയത്. മോഷ്ടിച്ച സ്വർണ്ണം കൊടകരയിലെ ഒരു ഫിനാൻസ് കമ്പനിയിൽ ഇവർ വിറ്റഴിച്ചു. ഈ തുക ഉപയോഗിച്ച് പ്രതി സ്വന്തം പണയാഭരണങ്ങൾ തിരിച്ചെടുക്കുകയും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങൾ വാങ്ങുകയും ചെയ്തു. മാത്രമല്ല, മോഷ്ടിച്ച പണം ഉപയോഗിച്ച് പുതിയ സ്വർണ്ണാഭരണങ്ങൾ വാങ്ങി ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു ഇവർ. പൊലീസ് പിടികൂടുമ്പോൾ മോഷ്ടിച്ച സ്വർണ്ണം വിറ്റ പണം കൊണ്ട് വാങ്ങിയ പുതിയ ആഭരണങ്ങൾ ഇവർ ദേഹത്ത് അണിഞ്ഞിരുന്നു.

കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി സ്കറിയ, സബ് ഇൻസ്പെക്ടർമാരായ കൃഷ്ണ പ്രസാദ്, ഇ.എ സുരേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി കെ. ആന്റണി, ആഷ്ലിൻ ജോൺ, സി.പി.ഒമാരായ കെ.ജെ ഡെനിൻ, എം.എം അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *