nctv news pudukkad

യുവതിക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ; പാലക്കാട് സ്വദേശി റിമാൻഡിൽ

കൊടുങ്ങല്ലൂർ: വാട്സാപ്പ് വഴി യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് മാനഹാനി വരുത്തിയ കേസിൽ പാലക്കാട് സ്വദേശിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടായി ചമ്പ്രകുളം ഉന്നതി വീട്ടിൽ രജീഷിനെ (39) ആണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ജനുവരി 14-ന് വൈകുന്നേരം 4.30 മുതൽ രാത്രി 12.45 വരെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരി ജോലിസ്ഥലത്തായിരുന്ന സമയത്ത് പ്രതി ഇവരുടെ ഫോണിലേക്ക് തുടർച്ചയായി ഓഡിയോ, വീഡിയോ കോളുകൾ ചെയ്യുകയായിരുന്നു. കോൾ അറ്റൻഡ് ചെയ്തപ്പോൾ പ്രതി മുഖം മറച്ചുവെച്ച് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്തു. കൂടാതെ, അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും യുവതിയുടെ ഫോണിലേക്ക് അയച്ച് മാനഹാനി വരുത്തിയതായും പരാതിയിൽ പറയുന്നു.

ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട്, കേരള പൊലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ സാലിം കെ, എ.എസ്.ഐ സിബി, സി.പി.ഒമാരായ വിഷ്ണു, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *