nctv news pudukkad

nctv news logo
nctv news logo

വി മിസ് യൂ സര്‍….ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനോട് തൃശൂര്‍ക്കാര്‍

NCTV NEWS

സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ കളക്ടറുള്ള പുരസ്‌കാരം നേടിയതിന്റെ ആഘോഷവും ആരവങ്ങളും അതിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോഴാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്  സ്ഥലംമാറ്റം വരുന്നത്. സന്തോഷ പെരുമഴയ്ക്കിടയില്‍ അപ്രതീക്ഷിതമായ ഒരു ഇടിവെട്ട് വാര്‍ത്തയായിരുന്നു സത്യത്തില്‍ തൃശൂര്‍ക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ  സ്ഥലംമാറ്റം.

ഒരു ജില്ലാ ഭരണാധികാരിയുടെ അധികാര ഭാവത്തോടെ ഒരിക്കല്‍പോലും പൊതുജനങ്ങളുമായി ഇടപഴകാതെ, തീര്‍ത്തും അവരില്‍ ഒരാളായി അവര്‍ക്കൊപ്പം നിന്ന് കളക്ടര്‍ ആയിരുന്നു അര്‍ജുന്‍ പാണ്ഡ്യന്‍. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട കളക്ടര്‍.
സ്‌കൂളുകളില്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനും മറ്റും എത്തുമ്പോള്‍ ആ കുട്ടിക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് ഒരു കുട്ടിയെപ്പോലെ ആഘോഷിക്കാന്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മടിച്ചിട്ടില്ല എത്രപേര്‍ സെല്‍ഫി എടുക്കാന്‍ വന്നാലും ഒരു മടിയും കൂടാതെ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫികള്‍ എടുക്കാന്‍ സമ്മതം നല്‍കിയ ജില്ലാ ഭരണാധികാരി. ജില്ലാ ഭരണാധികാരിയുടെ ആലഭാരങ്ങള്‍ ഇല്ലാതെ രാവിലെ അയ്യന്തോള്‍ മോഡല്‍ റോഡിലൂടെ മോണിംഗ് വാക്കിന് ഇറങ്ങുന്ന ജില്ലാ കളക്ടര്‍. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ചുമതലകള്‍ മനോഹരമായി നിറവേറ്റാനും പദ്ധതികള്‍ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചതിന്റെയും സന്തോഷമാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ജില്ലാ കളക്ടര്‍ പദവി ഒഴിഞ്ഞ് കാസര്‍കോട്ടേക്ക് പോകാന്‍ ഒരുങ്ങുന്ന   അര്‍ജുന്‍ പാണ്ഡ്യന്‍ പങ്കുവെക്കുന്നത്.
ജോലി ചെയ്തതില്‍ ഏറ്റവും മനോഹരമായ സ്ഥലവും മനുഷ്യരെയും കണ്ടത് തൃശൂര്‍ ആണെന്ന്  അര്‍ജുന്‍ പാണ്ഡ്യന്‍ പലതവണ പറഞ്ഞിട്ടുണ്ട്. തൃശ്ശൂരില്‍ ഇത്രയും ജനകീയനായ ഒരു കളക്ടര്‍ വേറെ ഉണ്ടായിട്ടില്ല എന്ന് തൃശ്ശൂര്‍ക്കാരും സമ്മതിക്കുന്നു.
ജാഡകളോ തലക്കനമോ അഹങ്കാരമോ ഇല്ലാതെയാണ് അര്‍ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ഭരിച്ചത്. ഒരു കൊച്ചു കുട്ടിയെ പോലെ തൃശൂര്‍ പൂരം ഏറ്റവും അടുത്തുനിന്ന് ആദ്യമായി കണ്ടതിന്റെ ഓര്‍മ്മകള്‍ പൂരം കഴിഞ്ഞശേഷം അദ്ദേഹം പറഞ്ഞിരുന്നു.
ജീവിതത്തിലെ തന്നെ ഏറ്റവും നല്ല സമയമാണ് കടന്നുപോയത്. തൃശൂര്‍ പൂരത്തിലെ എല്ലാം ആദ്യമായിട്ടാണ് കാണുന്നത്. പൂരത്തില്‍ പങ്കെടുക്കുന്നതും കാണുന്നതും സംഘാടനത്തിന്റെ ഭാഗമാകുന്നതുമെല്ലാം ആദ്യത്തെ അനുഭവമാണ്. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് കണ്ടപ്പോള്‍ അത് സാമ്പിള്‍ ആണോയെന്ന് അതിശയിച്ച് പോയി. കാര്യങ്ങള്‍ നിരീക്ഷിക്കേണ്ടതിനാല്‍ അടുത്തുനിന്നാണ് വെടിക്കെട്ട് അടക്കം കണ്ടത്. അപ്പോള്‍ തന്നെ നല്ല എഫക്ടുള്ള വെടിക്കെട്ടാണെന്ന് മനസിലായി എന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ പറയുമ്പോള്‍ അതില്‍ ഒരു കുട്ടിയുടെ കൗതുകം ഉണ്ടായിരുന്നു.
ദേശീയപാത നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയും അക്കാര്യങ്ങള്‍ പാലിക്കാതെ വന്നപ്പോഴാണ് മുന്നറിയിപ്പായി ഒരു ദിവസത്തേക്ക് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തു കൊണ്ട് താന്‍ സൗമ്യ ഭാവത്തില്‍ മാത്രമല്ല കര്‍ക്കശക്കാരനായ ഭരണാധികാരി ആയും പ്രവര്‍ത്തിക്കുമെന്ന് കാണിച്ചുകൊടുത്തു അര്‍ജുന്‍ പാണ്ഡ്യന്‍. പാലിയേക്കര ടോള്‍ വിഷയവുമായി ബന്ധപ്പെട്ട പല ജനോപകാരമായ തീരുമാനങ്ങളും എടുക്കുന്നതില്‍ കളക്ടര്‍ എന്ന നിലയ്ക്ക് അര്‍ജുന്‍ പാണ്ഡ്യന്‍ ധൈര്യമായ ചുവടുവെപ്പുകള്‍ നടത്തി. വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിക്കണം, അതിനു പണം ഉണ്ടാക്കണം,  എന്നാല്‍ ലക്ഷ്യത്തോടെ ക്ലീനര്‍ ആയും െ്രെഡവറായും ഒക്കെ ജോലി ചെയ്ത ഒരു ഫ്‌ലാഷ് ബാക്ക് ഉണ്ട് അര്‍ജുന്‍ പാണ്ഡ്യന്. അവധി ദിവസങ്ങളില്‍ തേയിലച്ചാക്ക് ചുമന്നും കുട്ടികള്‍ക്കു ട്യൂഷനെടുത്തും പഠിച്ചും പഠിപ്പിച്ചും ജീവിതത്തിന്റെ കടമ്പകള്‍ താണ്ടിയ ചരിത്രവും അദ്ദേഹത്തിന്റെ പറയാനുണ്ട്. എസ്‌റ്റേറ്റ് മേഖലയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച്
പ്രതിസന്ധികളോടും പരാധീനതകളോടും പൊരുതിയാണ് എല്ലാ വിജയങ്ങളും അര്‍ജുന്‍ പാണ്ഡ്യന്‍  നേടിയത്.  കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പങ്കെടുത്ത 12 കിലോമീറ്റര്‍ കൂട്ടയോട്ടത്തില്‍ അവധി ആവശ്യവുമായി ഏഴാം ക്ലാസുകാരന്‍ സല്‍മാനും  കളക്ടറുമായുള്ള കൊച്ചു വര്‍ത്തമാനം ഏറെ വൈറലായിരുന്നു.
കലക്ടര്‍ സാറിനെ ഓടിത്തോല്‍പിച്ചാല്‍ സ്‌കൂളിനു അവധി തരുമോ’ എന്നായിരുന്നു കലക്ടറോട് തൃശൂര്‍ ലൂര്‍ദ് സെന്റ് സെന്റ് മേരീസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സല്‍മാന്റെ  ചോദ്യം. തൃശൂരിലെ എല്ലാ കുട്ടികള്‍ക്കും കൂടി വേണ്ടിയാണ് താന്‍ അവധി ചോദിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞപ്പോള്‍വരുന്ന ദിവസങ്ങളില്‍ മഴമൂലം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാല്‍ മികച്ച പ്രകടനം കാഴ്ചവച്ച സല്‍മാന്റെ പേരില്‍ അവധി പ്രഖ്യാപിക്കാം എന്ന ഉറപ്പ് കളക്ടര്‍ കൊടുത്തപ്പോള്‍ കയ്യടികള്‍ ഉയര്‍ന്നത് മറക്കാന്‍ ആവില്ല. ഭരണ മികവിനെക്കാള്‍ സ്‌നേഹ മികവ് കൊണ്ടാണ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ക്കാരുടെ മനസ്സില്‍ തന്റെ സ്ഥാനം ഒരിക്കലും മാഞ്ഞു പോകാത്ത വിധം  അടയാളപ്പെടുത്തിയിരിക്കുന്നത്.. അദ്ദേഹം പോകുമ്പോള്‍ തൃശ്ശൂര്‍കാര്‍ക്ക് ഒന്നേ പറയാനുള്ളൂ വി മിസ്സ് യു സര്‍… 

Leave a Comment

Your email address will not be published. Required fields are marked *