nctv news pudukkad

nctv news logo
nctv news logo

 ചികിത്സപ്പിഴവ് വിവാദം: കാഴ്ച നഷ്ടപ്പെട്ട തൃക്കൂര്‍ സ്വദേശി സനൂപിന് സഹായവുമായി അനില്‍ അക്കരയും തൃക്കൂര്‍ പഞ്ചായത്തും

NCTV NEWS- PUDUKAD NEWS

2023ല്‍ കാല്‍ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയ തൃക്കൂര്‍ സ്വദേശി  മുളങ്ങാട്ടുപറമ്പില്‍ സനൂപിന്റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസ്സിലായിട്ടില്ല. അച്ഛനും അമ്മയും ഒന്നാം ക്ലാസുകാരനായ മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ എല്ലാമായിരുന്നു സനൂപ്. ടൈല്‍സ് പണിക്ക് പോയാണ് സനൂപ് കുടുംബം നോക്കിയിരുന്നത്. മുട്ടുവേദന കുത്തിയിരുന്ന് ജോലിയെടുക്കുന്നതിന് തടസ്സമായി മാറിയതോടെ ചികിത്സിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്വന്തമായി ബൈക്ക് ഓടിച്ചാണ് സനൂപ് പോയത്. എന്നാല്‍, ആ യാത്ര എന്നെന്നേക്കുമായുള്ള, കൂരിരുട്ടിലേക്കാകുമെന്ന് സനൂപ് കരുതിയില്ല. ആശുപത്രിയുടെ തറയില്‍ കിടത്തി ആദ്യം മുട്ടുവേദനയ്ക്കുള്ള ചികിത്സ തുടങ്ങി. കയ്യില്‍ ക്യാനുല ഇട്ട സ്ഥലത്ത് വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്‌സുമാരോട് പറഞ്ഞെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അപ്പോഴേക്കും കയ്യില്‍ ആകെ അണുബാധ പടര്‍ന്നിരുന്നു. ഓര്‍മ്മ മങ്ങി, വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്നു തുടങ്ങിയപ്പോള്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സനൂപിന്റെ രോഗാവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കുടുംബത്തോട് ഒന്നും പറഞ്ഞില്ല. പിന്നീട് കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായുള്ള സമ്മതപത്രത്തില്‍ അബോധാവസ്ഥയില്‍ ആയിരുന്ന മകന്റെ കൈ കൈക്കൂട്ടിപ്പിടിച്ച് സനൂപിന്റെ അമ്മ വത്സല ഒപ്പിടീപ്പിച്ചു. ഇരു കൃഷ്ണമണികളും നീക്കം ചെയ്യാനായുള്ള ശസ്ത്രക്രിയ ആണെന്ന് എഴുത്തും വായനയും അറിയാത്ത വത്സലയ്ക്ക് മനസ്സിലായില്ല. ആരും പറഞ്ഞും നല്‍കിയില്ല. ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിന്റെ കെട്ട് അഴിച്ചപ്പോഴാണ് കുടുംബവും സനൂപും ഈ വിവരം അറിയുന്നത്. തുടര്‍ന്നുള്ള സനൂപിന്റെ ജീവിതം ഇരുട്ടിലായി. കുടുംബം ദുരിതത്തിലായി, അച്ഛന്‍ ചന്ദ്രന്‍ പ്രായമായി ജോലിയ്ക്ക് പോകാന്‍ കഴിയില്ല, അമ്മ വത്സലയാമ് വീട്ടുജോലിയ്ക്ക് പോയി കുടുംബം നോക്കുന്നത്. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയാണ് തൃക്കൂര്‍ ഗ്രാമപഞ്ചായത്തും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. സനൂപിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് പഞ്ചായത്ത് അധികൃതരും അനില്‍ അക്കരയും സഹായം ഉറപ്പുനല്‍കിയത്. സനൂപിന് പരമാവധി സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് അനില്‍ അക്കര വ്യക്തമാക്കി. ചികിത്സയ്ക്കുവേണ്ടിയും നിയമപരമായും ഉള്ള എല്ലാ സഹായവും നല്‍കുമെന്നും മുന്‍ എംഎല്‍എ അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഇരുന്ന സ്ഥലത്തെ ജനപ്രതിനിധിയായിരുന്ന തന്റെ ഉത്തരവാദിത്വം ആണെന്നും അനില്‍ അക്കര പറഞ്ഞു. സനൂപിന്റെ കുടുംബത്തിനുള്ള സഹായം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസും വൈസ് പ്രസിഡന്റ് പോള്‍സണ്‍ തെക്കുംപീടികയും പറഞ്ഞു. കുടുംബത്തിന്റെ വിവരങ്ങള്‍ തിരക്കിയും രോഗവിവരങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ചുമാണ് അനില്‍ അക്കര മടങ്ങിയത്. സന്ദീപ് കണിയത്ത്, മോഹനന്‍ തൊഴുക്കാട്ട്, സനല്‍ മഞ്ഞളി, കല്ലൂര്‍ ബാബു, പ്രിബനന്‍ ചുണ്ടേലപറമ്പില്‍, സൈമണ്‍ സമ്പാടന്‍, ജെറോം ജോണ്‍ എന്നിവരും കോണ്‍ഗ്രസ് നേതാവിനൊപ്പം കുടുംബത്തിനെ ആശ്വസിപ്പിക്കുവാന്‍ എത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *